
തിരുവനന്തപുരം: നടി ഹണി റോസിനെതിരെ നടത്തിയ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മിഷൻ. ടെലിവിഷൻ ചാനൽ ചർച്ചകളിൽ രാഹുൽ നിരന്തരമായി സ്ത്രീത്വത്തെ അവഹേളിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ‘ദിശ’ എന്ന സംഘടന യുവജന കമ്മിഷന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പോലീസിനോട് റിപ്പോർട്ട് തേടിയതായി കമ്മിഷൻ അധ്യക്ഷൻ എം. ഷാജർ പറഞ്ഞു.
നേരിടുന്ന അധിക്ഷേപം സധൈര്യം തുറന്നു പറയുകയും നിയമപരമായി നേരിടാൻ തയ്യാറായി മുന്നോട്ടു വരികയും ചെയ്യുന്ന സത്രീകൾക്ക് രാഹുൽ ഈശ്വർ ഉന്നയിക്കുന്നതുപോലെയുള്ള വാദങ്ങൾ കടുത്ത മാനസിക സമ്മർദത്തിന് കാരണമാകുന്നതായും യുവജന കമ്മിഷൻ അധ്യക്ഷൻ ചൂണ്ടിക്കാട്ടി. പരാതിയിൽ തുടർനടപടികളുമായി മുന്നോട്ടുപോകും. സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്നും അധ്യക്ഷൻ പറഞ്ഞു. അതിജീവിതകളെ അവഹേളിക്കുന്ന തരത്തിലുള്ള വാദങ്ങൾ ഉയർത്തുന്നവർക്ക് ഇത്തരം വേദികളിൽ സ്ഥാനം നൽകരുതെന്ന കാര്യം പരിഗണിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
നേരത്തേ രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അറസ്റ്റ് തടഞ്ഞില്ല. പകരം കേസ് 27-ലേക്ക് മാറ്റുകയായിരുന്നു. ഹണി റോസിന് പുറമെ തൃശൂർ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നൽകിയിരുന്നു. തനിക്കെതിരായ കേസ് സ്വയം വാദിക്കുമെന്ന് അന്ന് രാഹുൽ പറഞ്ഞിരുന്നു.
ഹണി റോസിന്റെ പരാതിയിൽ നേരത്തേ പോലീസ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യുകയും അദ്ദേഹം റിമാൻഡിലാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹണി റോസിനെതിരെ രാഹുൽ ഈശ്വർ ടി.വി. ചാനലുകളിൽ പരാമർശങ്ങൾ നടത്തിയത്. ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ച രാഹുൽ ഹണി റോസിനെ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണമെന്നും പറഞ്ഞിരുന്നു.