ലോസ് ആഞ്ജലിസിൽ വീണ്ടും കാട്ടുതീ; 31,000 പേർക്ക് വീടൊഴിയാൻ നിർദേശം

ലോസ് ആഞ്ജലിസ്: യുഎസിൽ ​ആശങ്കയുയർത്തി ലോസ് ആഞ്ജലിസിൽ വീണ്ടും കാട്ടുതീ പടർന്നുപിടിക്കുന്നു. ലോസ് ആഞ്ജലിസിന് വടക്ക് ഭാഗത്ത് ബുധനാഴ്ചയായിരുന്നു പുതിയ കാട്ടുതീ പടർന്നത്. മാരകമായ രണ്ടു കാട്ടുതീയുണ്ടാക്കിയ ആഘാതം മാറുന്നതിനു മുമ്പാണ് പുതിയ കാട്ടുതീ രൂപപ്പെട്ടത്. ഇതേതുടർന്ന് പതിനായിരക്കണക്കിന് ആളുകളോട് പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദ്ദേശം നൽകി. ഹെലികോപ്റ്ററുകളും വിമാനങ്ങളും അഗ്നിശമന സേനയും തീയണയ്ക്കുന്നുണ്ട്. വളരെ ആശങ്കാജനകമായ സാഹചര്യമാണെന്നു കാലാവസ്ഥാ വിദഗ്ധൻ ഡാനിയേൽ സ്വെയ്ൻ പറഞ്ഞു.

കാസ്റ്റൈക് തടാകത്തിനു സമീപം കുന്നുകളിൽ ഭീമൻ തീജ്വാലകൾ പടരുകയാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ 8,000 ഏക്കറിലേറെ (3,200 ഹെക്ടർ) പ്രദേശത്തേക്കാണു തീ വ്യാപിച്ചത്. ശക്തവും വരണ്ടതുമായ സാന്റ അനാ കാറ്റുകൾ പ്രദേശത്തു വീശിയടിക്കുന്നതാണു തീ ആളിപ്പടരാൻ കാരണം. വൻതോതിൽ പുകയും കനലും തീക്കാറ്റിനൊപ്പം പറന്നുവരുന്നുണ്ട്. ലൊസാഞ്ചലസിന്റെ 56 കിലോമീറ്റർ വടക്കുഭാഗത്തുള്ള തടാകത്തിനു ചുറ്റിലെയും 31,000 പേർക്ക് വീടൊഴിയാൻ നിർദേശം നൽകി. സാന്റ ക്ലാരിറ്റ നഗരത്തിന് അടുത്താണ് ഈ തടാകം. പ്രദേശവാസികൾക്ക് അടിയന്തര മുന്നറിയിപ്പുകൾ ലഭിച്ചു.

നേരത്തെ, ശക്തമായ കാറ്റും അങ്ങേയറ്റം വരണ്ട കാലാവസ്ഥയും കാരണം ജനുവരി ഏഴിനാണ് ലോസ് ആഞ്ജലിസിൽ കാട്ടുതീ ഉണ്ടായതും പടർന്നുപിടിച്ചതും. തീപ്പിടിത്തം വ്യാപകമായ നാശത്തിനാണ് കാരണമായത്. 23,448 ഏക്കർ ഭൂമി കത്തിനശിച്ചു. നിരവധി ജീവനുകൾ നഷ്ടമായി, വീടുകൾ കത്തിയമർന്നു. ലക്ഷക്കണക്കിന് ആളുകളെയാണ് മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചത്. ഹോളിവുഡ് നടന്മാരായ ലൈറ്റൺ മീസ്റ്റർ, ആദം ബ്രോഡി, ബില്ലി ക്രിസ്റ്റൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള വീടുകളടക്കം 1,000-ത്തിലധികം കെട്ടിടങ്ങളാണ് കത്തിനശിച്ചത്.

മറ്റൊരു വലിയ തീപ്പിടിത്തമുണ്ടായത് ഈറ്റണിലാണ്. ലോസ് ആഞ്ജലിസ് ഡൗൺടൌണിന് വടക്കുള്ള വനപ്രദേശങ്ങളിൽ ആരംഭിച്ച് 14,000-ലധികം ഏക്കറിൽ ഇത് വ്യാപിച്ചു. 5,000ലധികം കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. നാല് പേർ മരിക്കുകയും ചെയ്തു. 14,021 ഏക്കർ കത്തിനശിച്ചതിന് ശേഷം ഈറ്റൺ തീപിടുത്തം 91 ശതമാനം നിയന്ത്രണത്തിലാണ്.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *