
ന്യൂഡൽഹി: യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ബാബാസാഹെബ് അംബേദ്കറിനേയും ഭരണഘടനാ സമിതിയിലെ എല്ലാവരേയും പ്രണമിക്കുന്നു. ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി പാർലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
മുൻ സർക്കാരുകളേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സർക്കാർ പ്രവർത്തിക്കുന്നത്. ഇടത്തരക്കാരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മൂന്ന് കോടി കുടുംബങ്ങൾക്ക് പുതിയ വീടുകൾ നിർമിക്കുന്നതിനായി പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബില്ല് എന്നിവയിലേക്ക് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു. യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് തന്നെ ആയുഷ്മാൻ പദ്ധതിക്ക് കീഴിൽ 70 വയസ്സിൽ കൂടുതലുള്ള ആറ് കോടി മുതിർന്ന പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകാൻ തീരുമാനിച്ചു.
സ്ത്രീകളുടെ നേതൃത്വത്തിൽ രാജ്യത്തെ ശാക്തീകരിക്കുന്നതിൽ സർക്കാർ വിശ്വസിക്കുന്നു. അവർ സേനയിൽ യുദ്ധവിമാനങ്ങൾ പറത്തുന്നതും പോലീസിൽ ചേരുന്നതും മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതും അഭിമാനകരമായ കാര്യമാണ്. രാജ്യത്തെ പെൺമക്കൾ ഒളിമ്പിക് മെഡലുകൾ നേടി രാജ്യത്തിൻ്റെ അഭിമാനം ഉയർത്തുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.അതേസമയം, രാജ്യം വികസനത്തിന്റെ പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
നാളെ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണു നാളെ നടക്കുക.ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയാകും പ്രധാനമായും ഈ ഘട്ടത്തിലുണ്ടാകുക. രണ്ടാംഘട്ടം മാർച്ച് 10നു തുടങ്ങി ഏപ്രിൽ 4 ന് അവസാനിക്കും. സമ്മേളനത്തിനു മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്നലെ സർവകക്ഷി യോഗം ചേർന്നു. 36 പാർട്ടികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ബജറ്റ് സമ്മേളനം സുഗമമായി നടത്താൻ എല്ലാ പാർട്ടികളുടെയും പിന്തുണ അദ്ദേഹം തേടി.
പ്രയാഗ്‌രാജിലെ കുംഭമേളയിലെ അപകടത്തിൽ 30 പേർ മരിച്ച സംഭവം സമ്മേളനത്തിൽ ഉയർത്താനുള്ള തീരുമാനത്തിലാണു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. വൈസ് ചാൻസലർമാർക്കു കൂടുതൽ അധികാരം നൽകുന്ന യുജിസി കരട് മാർഗരേഖ, രാജ്യത്തെ സാമ്പത്തിക വളർച്ചാ വിഷയങ്ങളുമെല്ലാം സഭയിൽ ചർച്ചയാകും. വഖഫ് വിഷയവും വന്യമൃഗ അതിക്രമവുമാണു കേരള എംപിമാർ പ്രധാനമായും ഉന്നയിച്ചത്.
സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അംഗീകരിച്ച വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും. ഏറെ പ്രധാനപ്പെട്ട ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലും ബജറ്റ് സമ്മേളനത്തിൽ ഉൾപ്പെടുത്തി. അനധികൃത കുടിയേറ്റം തടയാനുള്ള നിർദേശങ്ങളാണു ബില്ലിൽ എന്നാണു സൂചന. 1946 ലെ ഫോറിനേഴ്സ് നിയമം, 1920 ലെ പാസ്പോർട്ട് എൻട്രി ടു ഇന്ത്യ, 1939 ലെ റജിസ്ട്രേഷൻ ഓഫ് ഫോറിനേഴ്സ് എന്നീ നിയമങ്ങൾക്കു പകരമായിട്ടാകും പുതിയ ബിൽ. ഇതുൾപ്പെടെ 3 പുതിയ ബില്ലുകളാണ് സമ്മേളനത്തിൽ വരുന്നത്.