സഞ്ജു സാംസണെ പിന്തുണച്ചു; എസ് ശ്രീശാന്തിന് വക്കീൽ നോട്ടീസ് അയച്ച് കെസിഎ

തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് വക്കീൽ നോട്ടീസ് അയച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. കെ.സി.എയെ വിമർശിച്ചതിലും സ്വകാര്യ ചാനലിലെ ചർച്ചയിൽ സഞ്ജു സാംസണിനെ പിന്തുണച്ചതിലാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കേരള ക്രിക്കറ്റ് ലീഗിലെ ടീമിന്റെ ഉടമ എന്ന നിലയിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.

ശ്രീശാന്തിന് വ്യക്തിപരമായി അഭിപ്രായപ്രകടനം നടത്താം. എന്നാൽ, കെ.സി.എല്ലിലെ ടീമിന്റെ ഭാഗമെന്ന നിലയിൽ അദ്ദേഹം ചില നിയമങ്ങൾ അനുസരിക്കേണ്ടതുണ്ട്. ശ്രീശാന്ത് ഉടമയായ ടീമിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കെ.സി.എ. സെക്രട്ടറി വിനോദ് എസ്. കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

സഞ്ജുവിനെ ക്രൂശിക്കരുതെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നുമായിരുന്നു കെസിഎ വിഷയത്തിൽ ശ്രീശാന്തിന്റെ പ്രതികരണം. ഇത് വലിയ വിവാദമായിരുന്നു. ശ്രീശാന്തിന്റെ ഈ പരാമർശം പൊതുസമൂഹത്തിന് മുന്നിൽ കെസിഎയുടെ പ്രതിച്ഛായ ഇടിക്കുന്നതാണെന്നാണ് വക്കീൽ നോട്ടീസിലെ പരാമർശം. ശ്രീശാന്ത് പരാമർശം പിൻവലിക്കാൻ തയാറാകണമെന്നാണ് നോട്ടീസിലെ ആവശ്യം.

സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയ ശ്രീശാന്ത് കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം സെയ്‌ലേഴ്‌സിന്റെ സഹ ഉടമ എന്ന നിലയ്ക്ക് ചട്ടലംഘനം നടത്തിയെന്നാണ് കെസിഎയുടെ ആരോപണം. നടപടി സ്വീകരിക്കാതിരിക്കണമെങ്കിൽ ശ്രീശാന്ത് ഏഴ് ദിവസത്തിനകം വക്കീൽ നോട്ടീസിന് മറുപടി നൽകണമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിജയ ഹസാരെ ട്രോഫിക്കുള്ള കേരള ടീമിന്റെ പരിശീലനത്തിന് സഞ്ജു എത്തിയില്ലെന്ന് കെസിഎ ചൂണ്ടിക്കാട്ടിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിജയ ഹസാരെ ട്രോഫിക്കുള്ള പരിശീലനത്തിന് സഞ്ജു തയാറാണെന്ന് കെസിഎയെ അറിയിച്ചിട്ടും കെസിഎ പ്രതികരിച്ചില്ലെന്നായിരുന്നു സഞ്ജുവിനോട് അടുത്ത വൃത്തങ്ങൾ ആരോപിച്ചിരുന്നത്. ഈ വിമർശനങ്ങളെ കെസിഎ പൂർണമായി തള്ളി. സഞ്ജു ഞാനുണ്ടാകില്ല എന്ന ഒറ്റവരി മെസേജ് മാത്രമാണ് തങ്ങൾക്ക് അയച്ചതെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് തുറന്നടിച്ചിരുന്നു. പിന്നീട് ഈ സംഭവം മൂലമാണ് ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജുവിനെ തഴഞ്ഞതെന്ന തരത്തിൽ ചർച്ച വന്നതോടെ കെസിഎ പ്രതിരോധത്തിലാകുകയായിരുന്നു.

കെ.സി.എല്ലിൽ കൊല്ലം ഏരീസ് സെയ്‌ലേഴ്‌സ് ടീമിന്റെ സഹഉടമയായ ശ്രീശാന്ത്, ടീമിന്റെ ബ്രാൻഡ് അംബാസിഡറും മെന്ററുമാണ്.

Related Posts

കേരള ക്രിക്കറ്റ് ലീ​ഗ്; ചാമ്പ്യൻ പട്ടം സ്വന്തമാക്കി കൊച്ചി ബ്ലൂടൈഗേഴ്സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ ചാമ്പ്യന്‍ പട്ടം കൊച്ചി ബ്ലൂടൈഗേഴ്സിന് സ്വന്തം. ടോസിന്റെ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും, 182 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്ലത്തെ കൊച്ചിയുടെ ബൗളിംഗ് നിര എറിഞ്ഞുവീഴ്ത്തി. സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കളത്തിലിറങ്ങിയ കൊച്ചി, മുന്‍ ചാമ്പ്യന്മാരായ…

ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യോഗം വ്യാഴാഴ്ച നടക്കാനിരിക്കെ ജീവനക്കാരുടെ സാലറി വെട്ടിക്കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ക്ലബ് സിഇഒ അഭിക് ചാറ്റർജി, സ്‌പോർട്ടിങ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് എന്നിവരടക്കമുള്ളവരുടെ ശമ്പളത്തിലാണ് കുറവുവരുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, താഴെത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *