
രാജ്യത്ത് ആശങ്കയുയർത്തി ഗില്ലൻ ബാരി സിൻഡ്രോം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 192 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 167 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 7 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഒരു മരണം ജിബിഎസ് വൈറസ് മൂലമാണെന്നും മറ്റ് ആറു മരണങ്ങളും രോഗലക്ഷണങ്ങളോടെയാണെന്നുമാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
രോഗം ഗുരുതരമായതിനെ തുടർന്ന് 21 പേരെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. 48 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 91 പേർ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
എന്താണ് ഗില്ലൻ ബാരി സിൻഡ്രോം?
നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവ്വ രോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം അഥവാ ജിബിഎസ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അവസ്ഥയാണിത്. കഴുത്ത്, മുഖം, കണ്ണുകൾ തുടങ്ങിയവയെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്.
രോഗലക്ഷണങ്ങൾ:
കഠിനമായ വയറുവേദനയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങൾ. ബലഹീനത, കൈകാലുകളിൽ മരവിപ്പ്, നടക്കാനോ പടികൾ കയറാനോ പ്രയാസം, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസ തടസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറിളക്കം, ഛർദ്ദി, കഠിനമായ കേസുകളിൽ പക്ഷാഘാതം എന്നിവയും ഉണ്ടാകാം.
പല രോഗികൾക്കും ആദ്യം കൈകളിലോ കാലുകളിലോ ബലഹീനത അനുഭവപ്പെടുന്നു. മിക്ക കേസുകളിലും ലക്ഷണങ്ങൾ പ്രകടമാകാൻ അഞ്ചോ ആറോ ദിവസങ്ങൾ എടുക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
രോഗപ്രതിരോധ മാർഗങ്ങൾ:
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ഭക്ഷണ പദാർത്ഥങ്ങൾ വൃത്തിയായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക, മുട്ട, മത്സ്യം, മാംസങ്ങൾ എന്നിവ നന്നായി വേവിക്കുക, ശൗചാലയം ഉപയോഗിച്ചതിന് ശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക എന്നിവയാണ് പ്രധാന രോഗപ്രതിരോധ മാർഗങ്ങൾ.
രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെങ്കിലും വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഇവ പടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.