ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി അമേരിക്കയിൽ; പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും

  • world
  • February 13, 2025

വാഷിങ്ടൺ: രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനാകും പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക. അമേരിക്കയിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.

വാഷിങ്ങ്ടണിന് അടുത്തുള്ള ആൻഡ്രൂസ് എയർ ഫോഴ്‌സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിലേക്ക് താമസിക്കാനായി എത്തിയ മോദിക്ക് ഊഷ്‌മള വരവേൽപ്പാണ് ഇവിടെ ഒരുക്കിയത്. ബ്ലെയർ ഹൗസിന് മുന്നിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിരവധി ഇന്ത്യക്കാരും എത്തിയിരുന്നു. അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരെ എതിർ വശത്താണ് ബ്ലെയർ ഹൗസ് സ്ഥിതി ചെയ്യുന്നത്.

അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തിയേക്കും. സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാൻഡ് സേവനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്‌തേക്കും. സ്റ്റാർലിങ്ക് സേവനം ഇന്ത്യയിൽ തുടങ്ങാൻ സന്നദ്ധമാണെന്ന് നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.

ട്രംപ് രണ്ടാമതും അധികാരമേറ്റു നാലാം ആഴ്ചയിലാണു മോദിയുടെ സന്ദർശനം. 12നു വൈകിട്ടോടെ ഫ്രാൻസിൽനിന്നാണു മോദി യുഎസിൽ എത്തിയത്. ട്രംപിന്റെ രണ്ടാം ടേമിൽ യുഎസ് സന്ദർശിക്കുന്ന ഏഷ്യയിലെ ആദ്യ രാഷ്ട്ര നേതാവാണ്. ഇരു രാജ്യങ്ങളും അവരുടെ ജനതയുടെ നേട്ടത്തിനായും മികച്ച ഭാവിക്കായും ചേർന്നു പ്രവർത്തിക്കുമെന്നു മോദി പറഞ്ഞു.

ഒട്ടേറെ രാജ്യങ്ങൾക്കുമേൽ യുഎസ് ചുമത്തിയ വ്യാപാര തീരുവകൾ, ട്രംപിന്റെ വിവാദ ഗാസ സമാധാന പദ്ധതി, അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തൽ എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണു സുപ്രധാന കൂടിക്കാഴ്ച. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഈ വിഷയങ്ങളും ചർച്ചകളുടെ ഭാഗമാകും.

ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു ശേഷം വൈറ്റ് ഹൗസിൽ അദ്ദേഹത്തെ കാണുന്ന നാലാമത്തെ ലോകനേതാവാണു മോദി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ, ജോർദാൻ രാജാവ് അബ്ദുല്ല എന്നിവരെയാണു മുൻപ് യുഎസ് പ്രസിഡന്റ് സ്വീകരിച്ചത്.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *