
ദില്ലി: രാജ്യതലസ്ഥാനത്തെ ഇനി രേഖ ഗുപ്ത നയിക്കും. ഡൽഹി മുഖ്യമന്ത്രിയായി ഇന്ന് രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഒപ്പം ആറു മന്ത്രിമാരും ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും എൻഡിഎയുടെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ബോളിവുഡ് നടീനടന്മാരടക്കം സെലിബ്രിറ്റികളെയും ആത്മീയ ആചാര്യന്മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ദില്ലിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ബിജെപി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് രേഖാ ഗുപ്ത.
ഇന്നലെ ചേർന്ന ബിജെപി നിയമസഭാകക്ഷിയോഗത്തിലാണ് രേഖ ഗുപ്തയെ മുഖ്യമന്ത്രിയായും പർവേശ് വർമയെ ഉപമുഖ്യമന്ത്രിയായും തിരഞ്ഞെടുത്തത്.
നേരത്തേ സൗത്ത് ഡൽഹി മേയറായിരുന്ന രേഖ ഗുപ്ത (50) ആദ്യമായാണ് എംഎൽഎയാകുന്നത്. നിലവിൽ ബിജെപിയുടെ രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയാണ്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരാണ് ഇതിനു മുൻപു ഡൽഹി ഭരിച്ച വനിതകൾ. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജ്‌രിവാളിനെ തോൽപിച്ച പർവേശ് വർമ മുൻ എംപിയും മുൻ മുഖ്യമന്ത്രിയുമായ സാഹിബ് സിങ് വർമയുടെ മകനുമാണ്. തിരഞ്ഞെടുപ്പുഫലമെത്തി 11 ദിവസത്തിനു ശേഷമാണു ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
1998 ഒക്ടോബർ 12നാണ് ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുഷമ സ്വരാജ് സത്യപ്രതിജ്ഞ ചെയ്തത്. അന്നു രാജ് നിവാസിലെ ലളിതമായ ചടങ്ങായിരുന്നു. 27 വർഷത്തിനുശേഷം ഇന്നു രാംലീല മൈതാനിയിൽ ബിജെപിയുടെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത അധികാരമേറ്റെടുക്കുന്നത് ആഘോഷമാക്കാനാണു പാർട്ടി തീരുമാനം. മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, എംപിമാർ, സിനിമാതാരങ്ങൾ, വ്യവസായ പ്രമുഖർ, ആത്മീയ നേതാക്കൾ, പാർട്ടി പ്രവർത്തകർ എന്നിങ്ങനെ 50,000ലേറെ ആളുകൾ രാംലീല മൈതാനത്ത് എത്തും.
എല്ലാ പഴുതുകളുമടച്ചുള്ള കർശന സുരക്ഷയാണു രാംലീല മൈതാനത്തും പരിസരത്തും ഒരുക്കിയിരിക്കുന്നത്. 25,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചെന്നു പൊലീസ് അറിയിച്ചു. 5,000ൽ ഏറെ പൊലീസുകാരെയാണു രാംലീല മൈതാനത്തു മാത്രം നിയോഗിച്ചത്. രാംലീല മൈതാനത്ത് ഉൾപ്പെടെ 15 കമ്പനി അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു. ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറ മൈതാനത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.