എഫ്ഡിഐ ചടങ്ങൾ ലംഘിച്ചെന്ന് ആരോപണം; ബിബിസി ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തി ഇഡി

  • india
  • February 22, 2025

ന്യൂഡൽഹി: നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ബിബിസി ഇന്ത്യയ്ക്ക് 3.44 കോടിയിലധികം രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ആന്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കൽ എന്നീ ബിബിസിയുടെ മൂന്നു ഡയറക്ടർമാർക്ക് 1,14,82,950 രൂപ വീതമാണ് പിഴ ചുമത്തിയത്.

2021 ഒക്ടോബർ 15ന് ശേഷം ഓരോ ദിവസവും 5,000 രൂപ വിധം പിഴയും ചുമത്തിയിട്ടുണ്ട്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് ബിബിസിക്കെതിരായ നടപടി. 2023 ഓഗസ്റ്റ് 4 ന് പ്രസ്തുത നിയമ ലംഘനങ്ങളിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പിഴ ചുമത്തൽ നടപടി.

100 ശതമാനം എഫ്ഡിഐ കമ്പനിയായ ബിബിസി വേൾഡ് സർവീസ് ഇന്ത്യ, അവരുടെ എഫ്ഡിഐ 26 ശതമാനമായി കുറയ്ക്കാതെ ഇന്ത്യയിൽനിന്നു ഡിജിറ്റൽ മീഡിയ വഴി വാർത്തകളും വിവരങ്ങളും അപ്‌ലോഡ്/സ്ട്രീം ചെയ്തിരുന്നു. 2019 സെപ്റ്റംബർ 18 ന് ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) പുറത്തിറക്കിയ പ്രസ് നോട്ട് 4 പ്രകാരം, ഡിജിറ്റൽ മീഡിയയ്ക്ക് 26 ശതമാനം എഫ്ഡിഐ പരിധി വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ബിബിസി ലംഘിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.‌‌‌

ബി.ബി.സി. ഇന്ത്യയ്ക്കെതിരെ ഫെമ നിയമപ്രകാരം 2023 ഏപ്രിലിലാണ് ഇ.ഡി. കേസെടുത്തത്. നികുതി വെട്ടിപ്പിനും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനുമായിരുന്നു കേസ്. ആ വർഷം ഫെബ്രുവരിയിൽ ബി.ബി.സി. ഇന്ത്യയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചാനലിനെതിരേ ഇ.ഡിയും കേസ് രജിസ്റ്റർ ചെയ്തത്. റെയ്ഡിൽ പിടിച്ചെടുത്ത നികുതിരേഖകളും ലാപ്‌ടോപ്പുകളും വിശദമായി പരിശോധിച്ച ശേഷമായിരുന്നു ബി.ബി.സി. ഇന്ത്യയ്ക്കെതിരെരേയുള്ള ഇ.ഡിയുടെ കേസ്.

ബിബിസി ആദായനികുതി കാര്യത്തിൽ ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നില്ലെന്നും ലാഭവിഹിതം രാജ്യത്തുനിന്ന് പുറത്തുകൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും നോട്ടീസുകൾക്ക് മറുപടി നൽകിയില്ലെന്നും ആദായനികുതി വകുപ്പ് അന്ന് ആരോപിച്ചിരുന്നു. ഇതേതുടർന്നായിരുന്നു ചാനൽ ഓഫീസുകളിൽ റെയ്ഡ് നടത്തിയത്.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *