
തിരുവനന്തപുരം: എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ.തോമസിനെ പിന്തുണച്ച് 14 ജില്ലാ പ്രസിഡന്റുമാർ. ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര ആവാദിന് ജില്ലാ പ്രസിഡന്റുമാർ പിന്തുണക്കത്ത് നൽകി. രണ്ടു ദിവസത്തിനുള്ളിൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാർ പ്രഖ്യാപനം നടത്തും. ജിതേന്ദ്ര ആവാദ് കേരളത്തിൽ പ്രധാനനേതാക്കളെ കണ്ട് ചർച്ച നടത്തിയിരുന്നു.
പി.സി.ചാക്കോയുടെ രാജിക്ക് പിന്നാലെ പാർട്ടി പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടത്തിൽ തോമസ് കെ.തോമസ് നേതൃപദവിയിലേക്ക് വരട്ടെ എന്ന നിർദേശം മന്ത്രി എ.കെ.ശശീന്ദ്രനാണ് മുന്നോട്ടുവച്ചത്. പി.സി.ചാക്കോയും ഇതിനെ എതിർത്തില്ല. തുടർന്ന് ജില്ലാ നേതാക്കന്മാരുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് ജിതേന്ദ്ര അവാദിനെ കേരളത്തിലേക്ക് അയച്ചത്. അധ്യക്ഷ പദവി രാജിവച്ച പി.സി.ചാക്കോ, ദേശീയ വർക്കിങ് പ്രസിഡന്റായി തുടരും.