ചോദ്യപ്പേപ്പർ ചോർച്ച; എം.എസ് സൊല്യൂഷൻ സിഇഒയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ചോദ്യപ്പേപ്പർ ചോർത്തിയ കേസിൽ സ്വകാര്യ ട്യൂഷൻ സെന്ററായ എം.എസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ ഒന്നാം പ്രതിയാണ് ഷുഹൈബ്. കഴിഞ്ഞ ദിവസം കോടതി ഷുഹൈബിന്റെ അറസ്റ്റ് തടഞ്ഞതിനെത്തുടർന്ന് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ നേരിട്ട് ഹാജരായി ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ക്രൈം ബ്രാഞ്ച് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടൻ നീങ്ങും.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അൺ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ചോദ്യപേപ്പർ ചോർത്തി എം.എസ് സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന് നൽകുകയായിരുന്നു. അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെയും ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഈ ചോദ്യങ്ങൾ ഫഹദ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇതേ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകൻ ഫഹദിനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

പത്താം ക്ലാസിന്റെയും പ്ലസ് വണ്ണിന്റെയും ക്രിസ്മസ് പരീക്ഷാ ചോദ്യക്കടലാസുകളാണ് എംഎസ് സൊല്യൂഷൻസ് യുട്യൂബ് ചാനലിലൂടെ ചോർന്നത്. ഇതിനെ തുടർന്ന് ഷുഹൈബിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുക്കുകയായിരുന്നു. തൊട്ടു പിന്നാലെ ഒളിവിൽ പോയ ഷുഹൈബ് മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിച്ചു. ഇത് തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചപ്പോൾ ഫെബ്രുവരി 25 വരെ ഷുഹൈബിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടിരുന്നു. കേസുമായി സഹകരിക്കണമെന്നു നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിന് മുൻപാകെ ഷുഹൈബ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

ചോദ്യക്കടലാസ് ചോർച്ച നടന്നിട്ടില്ലെന്നും ചോദ്യങ്ങൾ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഷുഹൈബിന്റെ മൊഴി. നേരത്തെ അറസ്റ്റിലായ അധ്യാപകരാണ് ചോദ്യക്കടലാസ് തയാറാക്കിയതെന്നും തനിക്ക് അതിൽ പങ്കില്ലെന്നും ഷുഹൈബ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ ഷുഹൈബ് നൽകിയ ചോദ്യക്കടലാസ് യുട്യൂബ് ചാനലിലൂടെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നായിരുന്നു അധ്യാപകരുടെ മൊഴി. ചോദ്യക്കടലാസ് ചോർത്തിയിട്ടില്ലെന്ന വാദത്തിൽ ഷുഹൈബ് ഉറച്ചു നിൽക്കുന്നതിനിടെയാണ് ഇന്നലെ അബ്ദുൽ നാസറിന്റെ നിർണായക അറസ്റ്റുണ്ടായത്. കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

തനിക്കെതിരെ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മറ്റ് ചില സ്ഥാപനങ്ങളാണ് ഇതിനു പിന്നിൽ എന്നുമായിരുന്നു ഷുഹൈബിന്റെ പ്രധാന വാദം. ഈ മേഖലയിൽ 8 വർഷത്തെ പ്രവൃത്തി പരിചയമുണ്ടെന്നും അതുപയോഗിച്ചാണ് ചോദ്യങ്ങളും വിഡിയോയും തയാറാക്കിയതെന്നും ഷുഹൈബ് പറഞ്ഞു. മറ്റു പല സ്ഥാപനങ്ങളും സമാന രീതിയിലുള്ള വിഡിയോകൾ തയാറാക്കിയിരുന്നെന്നും എന്നാൽ, തനിക്കെതിരെ മാത്രമാണ് നടപടിയുണ്ടായതെന്നും കണക്കാക്കി മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഷുഹൈബിന്റെ ആവശ്യം. എന്നാൽ, സർക്കാരിന്റെ മറുവാദം അംഗീകരിച്ച കോടതി ‘മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നു’ എന്ന ഒറ്റവാചകത്തിലൂടെ ഷുഹൈബിന്റെ ആവശ്യം തള്ളുകയായിരുന്നു.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *