ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്; ഒൻപത് പ്രതികൾ കുറ്റക്കാരെന്ന് കോടതി

തലശ്ശേരി : ബി.ജെ.പി.- ആർ.എസ്എസ്. പ്രവർത്തകൻ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ(32) കൊലപ്പെടുത്തിയ കേസിൽ ഒൻപത് പേർ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് വിധി പറഞ്ഞത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായിരുന്ന ടി.കെ. രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരൻ പി.എം. മനോരാജ് എന്നിവരടക്കം ഒൻപത് പ്രതികളെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40-ന് ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ വെച്ചാണ് സൂരജിനെ വെട്ടിക്കൊന്നത്. സംഭവത്തിന് ആറുമാസം മുൻപ് സൂരജിനെ വധിക്കാൻ ശ്രമിച്ചിരുന്നു. ഇരുകാലിനും വെട്ടേറ്റ് ആറുമാസം കിടപ്പിലായിരുന്നു. സി.പി.എം. പ്രവർത്തകനായിരുന്ന സൂരജ് ബി.ജെ.പിയിൽ ചേർന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്.

28 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകൾ ഹാജരാക്കി. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സി.പി.എം. പ്രവർത്തകർക്കെതിരെയാണ് കേസ്. രണ്ടു പ്രതികൾ സംഭവശേഷം മരിച്ചു. തുടക്കത്തിൽ 10 പേർക്കെതിരെയായിരുന്നു കേസ്. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടി.കെ. രജീഷ് നൽകിയ കുറ്റസമ്മതമൊഴി പ്രകാരം രണ്ടു പ്രതികളെ കൂടി കേസിൽ ഉൾപ്പെടുത്തി. രജീഷ്, മനോരാജ് എന്നിവരെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നൽകി. 2010-ൽ കേസ് വിചാരണയ്ക്ക് പരിഗണിച്ചെങ്കിലും സാക്ഷിവിസ്താരം തുടങ്ങിയില്ല.

സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സൂരജിന്റെ അമ്മ സതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പി. പ്രേമരാജൻ, പ്രതിഭാഗത്തിനു വേണ്ടി അഡ്വ. സി.കെ. ശ്രീധരൻ, അഡ്വ. എൻ.ആർ. ഷാനവാസ് എന്നിവർ ഹാജരായി.

സി.പി.എം. പ്രവർത്തകരായ പത്തായക്കുന്ന് കാരായിന്റവിട ഹൗസിൽ ടി.കെ. രജീഷ് (45), കാവുംഭാഗം പുതിയേടത്ത് ഹൗസിൽ എൻ.വി. യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യൻ ഹൗസിൽ കെ. ഷംജിത്ത് എന്ന ജിത്തു (57), കൂത്തുപറമ്പ് നരവൂരിലെ പി.എം. മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (56), പണിക്കന്റവിട ഹൗസിൽ പ്രഭാകരൻ (65), പുതുശ്ശേരി ഹൗസിൽ കെ.വി. പദ്മനാഭൻ (67),പുതിയപുരയിൽ പ്രദീപൻ (58) , മനോമ്പേത്ത് രാധാകൃഷ്ണൻ (60) എന്നിവരാണ് കേസിലെ പ്രതികൾ. പത്താം പ്രതി എടക്കാട് കണ്ണവത്തിൻമൂല നാഗത്താൻ കോട്ട പ്രകാശനെ വെറുതെവിട്ടു.

ഒന്നാംപ്രതി മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനി പള്ളിക്കൽ ഹൗസിൽ പി.കെ. ഷംസുദ്ദീൻ എന്ന ഷംസു, 12-ാം പ്രതി മക്രേരി കിലാലൂരിലെ ടി.പി. രവീന്ദ്രൻ എന്നിവർ സംഭവശേഷം മരിച്ചു.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *