
തിരുവനന്തപുരം: ബില്ലുകളിൽ തീരുമാനം എടുക്കാത്തതുമായി ബന്ധപ്പെട്ട് ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ ഗവർണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ രാഷ്‌ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കേരളത്തിൻറെ വാദം. അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും രേഖപ്പെടുത്തിയത് എന്താണെന്ന് പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേരള സർക്കാരും ടി പി രാമകൃഷണൻ എംഎൽഎയും സമർപ്പിച്ച ഹർജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നത്.