
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഏകോപന ചുമതല മുൻ മന്ത്രിയും രാഷ്ട്രീയകാര്യ സമിതി അംഗവുമായ എ.പി.അനിൽകുമാറിനു നൽകി കോൺഗ്രസ്. തിരഞ്ഞെടുപ്പ് മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല അനിൽകുമാറിന് നൽകിയുള്ള ഉത്തരവ് പുറത്തിറങ്ങി. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഇന്നലെ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് എ.പി.അനിൽ കുമാറിന് ചുമതല നൽകാൻ തീരുമാനിച്ചത്.
മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും വൈകാതെ പ്രധാന നേതാക്കൾക്ക് നൽകും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാകും മുതിർന്ന നേതാക്കൾ ചുമതല ഏറ്റെടുക്കുക. ഡിസിസി അധ്യക്ഷൻ വി.എസ്. ജോയിയുടെ നേതൃത്വത്തിൽ വോട്ടുചേർക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. ഏപ്രിൽ ഒടുവിലോ മേയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. എം. സ്വരാജിനാണ് സിപിഎം നിലമ്പൂർ മണ്ഡലത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.