
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനിൽ രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഭീകരാക്രമണം നടന്നതെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗ്വാദറിലെ തീരദേശ മേഖലയായ പസ്നിയിലാണ് ബുധനാഴ്ച ആദ്യ ആക്രമണം നടന്നത്. ഭീകരർ ബസ് തടഞ്ഞുനിർത്തി ബലൂചികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ഈ ആക്രമണത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്.
ക്വെറ്റയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ആക്രമണം നടന്നത്.പോലീസ് വാഹനത്തിന് സമീപം ബൈക്കിൽ ഘടിപ്പിച്ചിരുന്ന ഐ.ഇ.ഡി പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രണ്ട് ആക്രമണങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ബലോച് ലിബറേഷൻ ആർമി (BLA) എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. തുടർച്ചയായി സൈന്യത്തിനെയും മറുനാട്ടുകാരെയും ലക്ഷ്യമിട്ട് ഇവർ ആക്രമണം തുടരുകയാണ്.