
ചെന്നൈ: കെ അണ്ണാമലൈ തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. എഐഎഡിഎംകെയും ബിജെപിയും വീണ്ടും കൈകോർക്കാനുള്ള ചർച്ചകൾ വേഗത്തിലായ സാഹചര്യത്തിലാണിത്. സഖ്യം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് അണ്ണാമലൈയെ മാറ്റുന്നതെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 2023 ൽ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് എഐഎഡിഎംകെ സഖ്യം വിട്ടത്. വീണ്ടും ഇരുകക്ഷികളും ഒന്നിക്കുമ്പോൾ നേതൃത്വത്തിൽ നിന്ന് അണ്ണാമലൈയെ മാറ്റുകയാണെന്ന വിലയിരുത്തലുമുണ്ട്.
അണ്ണാമലൈയും കെ. പളനിസാമിയും ശക്തരായ ഗൗണ്ടർ വിഭാഗത്തിൽ നിന്നുള്ളവരാണ്. പളനിസാമിയും അമിത്ഷായും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അണ്ണാമലൈ അമിത്ഷായെ ഡൽഹിയിൽ ചെന്ന് കണ്ടിരുന്നു.പാർട്ടിയുടെ തീരുമാനം എന്തായാലും അണ്ണാമലൈ അനുസരിച്ചേക്കും.
വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട് തമിഴ്‌നാട് രാഷ്ട്രീയത്തിൽ ബിജെപിക്ക് ഒരു മുഖമുണ്ടാക്കാൻ സാധിച്ച നേതാവാണ് കെ.അണ്ണാമലൈ. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയാലും മറ്റെന്തെങ്കിലും സുപ്രധാന പദവി അണ്ണാമലൈക്ക് നല്കിയേക്കും.
അണ്ണാമലൈക്ക് പകരം ബിജെപി എംഎൽഎ നൈനാർ നാഗേന്ദ്രനെ പാർട്ടി അധ്യക്ഷനാക്കുമെന്നാണ് സൂചനകൾ. തിരുനൽവേലിയിൽ നിന്നുള്ള ജനപ്രിയ നേതാവായ നൈനാർ നാഗേന്ദ്രൻ നേരത്തെ എഐഎഡിഎംകെ നേതാവായിരുന്നു. നിർണായക സ്വാധീനമുള്ള തേവർ വിഭാഗത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം. ജയലളിതയുടെ കീഴിൽ എഐഎഡിഎംകെയിൽ വലിയ സ്വാധീനമുള്ള ജാതി വിഭാഗമായിരുന്നു തേവർ. ജയലളിതയുടെ സഹചാരിയായിരുന്ന ശശികലയും ഈ വിഭാഗത്തിൽ നിന്നുള്ളവരാണ്.