
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 68,000ൽ താഴെയെത്തി. 67,200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. പത്ത് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്.
ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് കുറഞ്ഞത്. 8400 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ 68,480 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു. ഡൊണാൾഡ് ട്രംപിന്റെ അധിക താരിഫ് നയം പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ വൻകിട നിക്ഷേപകരെല്ലാം ലാഭമെടുത്ത് പിരിയാൻ തുടങ്ങിയതാണ് വില കുറയുന്നതിന്റെ പ്രധാന കാരണം. മാത്രമല്ല, രൂപ വളരെ കരുത്തായി 84. 95 ലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അന്താരാഷ്ട്ര സ്വർണ്ണവില ആയിരം ഡോളറിന്റെ അധികം വില വ്യത്യാസമാണ് രേഖപ്പെടുത്തിയത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8400 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6880 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.