
ഗാസ: കഴിഞ്ഞ ദിവസം ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 112 പേർ കൊല്ലപ്പെട്ടു. പലസ്തീനികൾ അഭയം പ്രാപിച്ച ഗാസ സിറ്റിയിലെ സ്കൂളുകളിൽ നടത്തിയ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 33 പേരാണ് കൊല്ലപ്പെട്ടത്. 70ഓളം പേർക്ക് പരിക്കേറ്റു.
അതേസമയം ഗാസ സിറ്റിയിൽ നിന്നും ആളുകളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാനുള്ള സമ്മർദ്ദം ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുവെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. വടക്കൻ ഗാസയിൽ നിന്നും തെക്കോട്ടേക്കോ പടിഞ്ഞാറേക്കോ പോകാൻ സൈന്യം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
കഴിഞ്ഞ മാസം 18ന് ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചത് മുതൽ ഇതുവരെ ഏകദേശം 2,80,000 പേർ നിർബന്ധിതമായി കുടിയൊഴിക്കപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.
എന്നാൽ സ്‌കൂളിന് നേരെയുള്ള ഇസ്രയേൽ ആക്രമണം സാധാരണക്കാർക്ക് നേരെയുള്ള ക്രൂരമായ കൂട്ടക്കൊലയാണെന്ന് ഹമാസ് അപലപിച്ചു.
അതേസമയം ഗാസ സിറ്റിയിലെ ഹമാസ് കേന്ദ്രം തകർത്തതായി ഇസ്രേയൽ സൈന്യം പറഞ്ഞു. നിലവിൽ 2023 ഒക്ടോബർ ഏഴ് മുതൽ ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ 50,523 പേർ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യ മന്ത്രി വ്യക്തമാക്കി. 114, 638 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ കാണാതായവരെ കൂടി മരിച്ചതായി കണക്കാക്കിയാൽ മരണ സംഖ്യ 61,700 ആകുമെന്നാണ് റിപ്പോർട്ട്.