
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവ്. യുവതിക്ക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയിൽ തുടരുന്ന യുവതി വെന്റിലേറ്ററിലാണ്. യുവതിയുടെ സ്രവപരിശോധനയിലാണ് നിപയല്ലെന്ന് സ്ഥിരീകരിച്ചത്.
ഒരാഴ്ചയോളമായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെയായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കടുത്ത തലവേദനയെത്തുടർന്ന് മാർച്ച് 31-നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ അണുബാധയായിരുന്നു. തുടർന്നു നടത്തിയ പരിശോധനകൾക്കിടയിലാണ് നിപ രോഗത്തിന്റെകൂടി പ്രാഥമിക പരിശോധന നടന്നത്. ഇതിനുശേഷമാണ് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.