
വഖഫ് നിയമ ഭേദഗതിക്കെതിരെ ബംഗാളിൽ പ്രതിഷേധം ശക്തം. മുർഷിദാബാദ്, സൗത്ത് 24 പർഗാനാസ് എന്നിവിടങ്ങളിൽ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തിലുണ്ടായ പ്രതിഷേധത്തിലായിരുന്നു സംഘർഷം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുണ്ടായ പ്രതിഷേധത്തിൽ ഇതുവരെ 150 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വാനും ബൈക്കുകളുമുൾപ്പെടെ പ്രതിഷേധക്കാർ നിരത്തുകളിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർക്കുകയും കത്തിക്കുകയും ചെയ്തു. ഇതേതുടർന്ന് ദേശീയ പാതകളിലടക്കം ഗതാഗതം സ്തംഭിച്ചു. അക്രമബാധിതമേഖലകളിൽ ഇന്റർനെറ്റ് സേവനവും വിച്ഛേദിച്ചിട്ടുണ്ട്.