അതിരപ്പിള്ളി കാട്ടാന ആക്രമണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകും

തൃശൂർ: അതിരപ്പിള്ളി കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും. കാട്ടാന ആക്രമണത്തിൽ മരിച്ച വാഴച്ചാൽ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഈ സംഭവത്തിന് തൊട്ടുമുമ്പ് പ്രദേശത്ത് ഉണ്ടായ കാട്ടാന ആക്രമണത്തിൽ സെബാസ്റ്റ്യൻ (20) എന്നയാളും മരിച്ചിരുന്നു. അദ്ദേഹത്തിൻറെ കുടുംബത്തിനും സർക്കാർ 10 ലക്ഷം രൂപ നൽകും. മരിച്ചവരുടെ വീടുകൾ കലക്ടർ സന്ദർശിക്കുകയും മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കൾക്ക് അടിയന്തര ധനസഹായമായി നിലവിൽ അഞ്ച് ലക്ഷം രൂപ കൈമാറിയിട്ടുണ്ട്.

മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഫോറസ്റ്റ് വകുപ്പിൽ താൽക്കാലിക ജോലി നൽകുന്നതിന് സർക്കാരിന് ശുപാർശ നൽകുമെന്നും കലക്ടർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ച ജില്ലാ ആശുപത്രിയും കലക്ടർ സന്ദർശിച്ചു. മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവം നടന്ന ഉടൻതന്നെ കലക്ടർ ഊരു മൂപ്പത്തിയുമായി നേരിട്ട് സംസാരിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞിരുന്നു. നാട്ടുകാരുടെ പരാതികൾ പരിശോധിക്കാൻ വനംവകുപ്പുമായി ചേർന്ന് യോഗം വിളിച്ചുചേർക്കും. സ്ഥലത്ത് ട്രെഞ്ച്, ഫെൻസിങ് എന്നിവയുടെ നിർമാണം വേഗത്തിൽ നടപ്പിലാക്കുവാൻ വനംവകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാരിൻറെ പരിഗണനയിൽ വരേണ്ട വിഷയങ്ങൾ കാലതാമസം കൂടാതെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കലക്ടർ അറിയിച്ചു.

ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കുകയായിരുന്നു ഇവർ അടങ്ങുന്ന കുടുംബം. രണ്ടു മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവർക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോൾ ചിതറിയോടുകയായിരുന്നു. അതിരപ്പിള്ളി പിക്നിക് സ്പോട്ടിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പുഴയിലാണ് അംബികയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവരെ വനംവകുപ്പ് അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കാട്ടാന ആക്രമണത്തിൽ തുടർച്ചയായി മൂന്നുപേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *