
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ തകർത്ത് സ്വർണവിലയിൽ വൻകുതിപ്പ് തുടരുന്നു. ഇന്ന് പവന് 760 രൂപ വർധിച്ച് സ്വർണവില ആദ്യമായി 72,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഗ്രാമിന് 70 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 9015 രൂപയാണ്.
ഇന്ന് അന്താരാഷ്ട്ര സ്വർണ്ണവില 3,284 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 85.22 ലുമാണ്. 24 കാരറ്റ് സ്വർണ്ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 1 കോടി രൂപ ആയിട്ടുണ്ട്. നിലവിൽ ഇതുവരെ അന്താരാഷ്ട്ര സംഘർഷങ്ങളിലും, താരിഫ് തർക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ്ണവില കുറയാനുള്ള സാഹചര്യം ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ മുതലിറക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. ഏപ്രിൽ 30ന് എത്തുന്ന അക്ഷയതൃതീയ, ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകൾ വരുന്നതിനാൽ സ്വർണ്ണവില വർദ്ധിക്കുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും, ജനങ്ങളുടെ വാങ്ങൽ ശക്തി കുറഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്.