
ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിൽ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും ഉൾപ്പെടുന്നു. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചത്. കേന്ദ്രസർക്കാർ പുറത്തുവിട്ട കൊല്ലപ്പെട്ട 16 പേരുടെ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച രാമചന്ദ്രൻ കുടുംബസമേതം കശ്മീരിലേക്ക് പോയതാണെന്നാണ് വിവരം. വിദേശത്തായിരുന്ന മകൾ എത്തിയതിനെ തുടർന്നായിരുന്നു യാത്ര. ഭാര്യ ഷീല രാമചന്ദ്രനും മകൾ അമ്മുവും മറ്റു ബന്ധുക്കളുമടങ്ങിയ സംഘമാണ് കശ്മീരിലേക്ക് പോയതെന്നാണ് വിവരം. ഇദ്ദേഹത്തിന് ഒരു മകൻ കൂടിയുണ്ട്. മകൻ ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ് മകൻ കശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ദുബായിലായിരുന്ന രാമചന്ദ്രൻ രണ്ട് കൊല്ലം മുൻപാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ദുബായിലുള്ള മകളും കുടുംബവും അവധിയാഘോഷിക്കാൻ എത്തിയതിന്റെ ഭാഗമായായിരുന്നു കശ്മീരിലേക്കുള്ള വിനോദയാത്ര എന്നാണ് ലഭ്യമായ വിവരം.