ഇന്ത്യ-പാക് സംഘർഷം; രാജ്യത്ത് 24 വിമാനത്താവളങ്ങൾ അടച്ചു, യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ

ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യയിലെ 24 വിമാനത്താവളങ്ങൾ അടച്ചു. പാക് അതിർത്തിയോടു ചേർന്നവയ്ക്കു പുറമേ മറ്റുസംസ്ഥാനങ്ങളിൽ സേനാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും പട്ടികയിലുണ്ട്. ചിലതു മേയ് 10 വരെയും മറ്റുള്ളവ അനിശ്ചിതകാലത്തേക്കുമാണു അടച്ചത്.

ചണ്ഡിഗഡ്, ശ്രീനഗർ, അമൃത‍്സർ, ലുധിയാന, കുളു മണാലി, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിൻഡ, ജയ്സാൽമർ, ജോധ്പുർ, ബിക്കാനീർ, ഹൽവാഡ, പഠാൻകോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കേശോദ്, കാണ്ഡല, ഭുജ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.

ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട 5 സർവീസുകളും എത്തിച്ചേരേണ്ട 5 സർവീസുകളും റദ്ദാക്കി. മുംബൈയ്ക്കുള്ള 2 സർവീസുകളും ഗാസിയാബാദിനടുത്തുള്ള ഹിൻഡൻ, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും റദ്ദാക്കി. വ്യോമ നിയന്ത്രിത മേഖലകളിലേക്കുള്ളവയോ വ്യോമ നിയന്ത്രിത മേഖലകൾ വഴിയുള്ള കണക്ടിങ് വിമാനങ്ങളോ ആണ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു. ബെംഗളൂരുവിൽനിന്ന് ഉത്തരേന്ത്യൻ അതിർത്തി മേഖലകളിലേക്കുള്ള സർവീസുകൾ ഇന്നലെയും മുടങ്ങി. അമൃത്‌സർ, ചണ്ഡിഗഡ് , ശ്രീനഗർ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് ഉൾപ്പെടെ 29 സർവീസുകൾ ബുധനാഴ്ച റദ്ദാക്കിയിരുന്നു. ഒട്ടേറെ സർവീസുകൾ വൈകി.

അതേസമയം വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബികാസ്) ആണ് ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. ദേഹപരിശോധനയും ഐഡി പരിശോധനയും കർശനമാക്കും.

നിലവിൽ പ്രവേശന സമയത്തും വിമാനത്താവളത്തിൽ കടന്നതിനു ശേഷവുമുള്ള സുരക്ഷാ പരിശോധനകൾക്കു (സെക്യൂരിറ്റി ചെക്) പുറമേ ‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക് (എസ്എൽപിസി)’ കൂടിയാണ് ഏർപ്പെടുത്തിയത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ രീതിയിൽ പരിശോധന ആരംഭിച്ചു.

ഇതു പ്രകാരം ബോർഡിങ് ഗേറ്റിനു സമീപം ഒരിക്കൽ കൂടി സുരക്ഷാ പരിശോധന നടത്തും. യാത്രക്കാരെയും അവരുടെ കയ്യിലുള്ള ക്യാബിൻ ബാഗും അടക്കം ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു വിശദമായി പരിശോധിക്കും. ഇതിനു ശേഷമേ വിമാനത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ.

എല്ലാ വിമാനത്താവളങ്ങളിലും 100% സിസിടിവി കവറേജ് ഉറപ്പാക്കും. വിമാനങ്ങളിലും കേറ്ററിങ് സംവിധാനങ്ങളിലും പരിശോധന വേണം. സുരക്ഷ വർധിപ്പിച്ച സാഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും 3 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ എത്തണമെന്ന് എയർ ഇന്ത്യ ആവശ്യപ്പെട്ടു. മറ്റ് വിമാനക്കമ്പനികളും സമാനമായ‌ അഭ്യർഥന മുന്നോട്ടുവച്ചിട്ടുണ്ട്.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *