ജമ്മുവിൽ പാക് പ്രകോപനം; വീണ്ടും സമ്പൂർണ ബ്ലാക്ഔട്ട്, പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിനു ശേഷം ഇന്ത്യയ്ക്കുനേരെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാനു ശക്തമായ തിരിച്ചടി. തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത ആക്രമണം തുടരുകയാണ്. പുലർച്ചെ ജമ്മുവിൽ പാക്ക് പ്രകോപനത്തെ തുടർന്ന് തുടർച്ചയായി അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ സമ്പൂർണ ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ച ഇന്ത്യ പാക്കിസ്ഥാന്റെ ഡ്രോണുകൾ തകർത്തു. ഉറിയിൽ പാക്ക് വെടിവയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നും ഒരാൾക്ക് ഗുരുതര പരുക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്. വിദേശകാര്യ മന്ത്രാലയം രാവിലെ വാർത്താസമ്മേളനം നടത്തും. ഇതിനിടെ ഇന്ത്യ ആക്രമണം കടുപ്പിച്ചതോടെ പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ ദുബായിലേക്കു മാറ്റി. ഇന്ത്യയുടെ ആക്രമണത്തെ തുടർന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ വസതിയിൽനിന്ന് മാറ്റി. ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്ക് അടുത്തായി നിരവധി സ്ഫോടനങ്ങൾ നടന്നതായാണു വിവരം. ഷെരീഫിന്റെ വസതിയുടെ 20 കിലോമീറ്റർ അകലെ വൻ സ്ഫോടനം നടന്നിരുന്നു. പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥർ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ കറാച്ചി തുറമുഖത്ത് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ആക്രമണം നടത്തിയെന്നാണ് സൂചന.

അതിനിടെ, പാക്കിസ്ഥാനിൽ സൈനിക മേധാവി അസിം മുനീറിനെ മാറ്റാൻ തിരക്കിട്ട നീക്കം നടക്കുന്നതായി സൂചനയുണ്ട്. പകരം സൈനിക മേധാവി സ്ഥാനത്തേക്ക് ജനറൽ ഷംഷാദ് മിർസയെ ഷഹബാസ് ഷരീഫ് സർക്കാർ പരിഗണിക്കുന്നുവെന്നാണ് വിവരം. വ്യക്തിപരമായ നേട്ടങ്ങൾക്കായി അസിം മുനീർ രാജ്യസുരക്ഷയെ കുരുതി കൊടുത്തുവെന്ന് പാക്കിസ്ഥാനിൽ വിമർശനമുയർന്നിരുന്നു ഈ സാഹചര്യത്തിൽ അട്ടിമറി നീക്കത്തിലൂടെ മുനീറിനെ മാറ്റാനാണ് പാക്ക് സർക്കാർ നീക്കം. അസിം മുനീറിനെ കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം തുടരുകയാണ്. രണ്ട് പാക്കിസ്ഥാൻ പൈലറ്റുമാരെ ഇന്ത്യ പിടികൂടിയിട്ടുണ്ട്. രാജസ്ഥാനിലെ ജയ്‌സാൽമേറിൽനിന്നും കശ്മീരിലെ അഖ്നൂരിൽനിന്നുമാണ് പൈലറ്റുമാരെ പിടികൂടിയത്. നേരത്തെ പാക്കിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങൾ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടിരുന്നു. എഫ് 16, എഫ് 17 വിമാനങ്ങളാണ് സൈന്യം തകർത്തത്. ജയ്സാൽമേർ, അഖ്നൂർ, പഠാൻകോട്ട് എന്നിവിടങ്ങളിലാണ് വിമാനങ്ങൾ വെടിവച്ചിട്ടത്. ‌പാക്ക് വ്യോമാക്രമണം നേരിടാൻ എസ്–400, എൽ–70, സു–23, ഷിൽക തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്. ജമ്മു, പഠാൻകോട്ട് ഉധംപുർ സൈനികത്താവളങ്ങളിൽ പാക്കിസ്ഥാൻ മിസൈൽ, ഡ്രോൺ ആക്രമണശ്രമം നടത്തിയെന്നും എന്നാൽ ആർക്കും ജീവഹാനിയുണ്ടായിട്ടില്ലെന്നും ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. കശ്മീരിലും രാജസ്ഥാനിലും പഞ്ചാബിലുമായി ഒട്ടേറെ ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു.

സംഘർഷ സാഹചര്യം വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. മൂന്ന് സേനകളുടെയും മേധാവിമാരും സംയുക്ത സൈനിക മേധാവിയും യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ ധരിപ്പിച്ചു. ജമ്മുവിൽ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണ ശ്രമം ഇന്ത്യ തകർത്തതിനു പിന്നാലെയാണ് യുദ്ധവിമാനവും വെടിവച്ചിട്ടത്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു പാക്ക് ആക്രമണശ്രമം. അതേസമയം, വിമാനത്താവളത്തിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകളുണ്ടോയെന്നതിൽ വ്യക്തതയില്ല. വ്യോമസേനയുടെ താവളവും ജമ്മു വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അമ്പതോളം ഡ്രോണുകളും എട്ട് പാക്ക് മിസൈലുകളുമാണ് റഷ്യൻ നിർമിത എസ്–400 ഉൾപ്പെടെയുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഇന്ത്യ തകർത്തത്. ജമ്മുവിൽ മൊബൈൽ ഫോൺ സേവനം തടസ്സപ്പെട്ടു.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *