
ന്യൂഡൽഹി: ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി സ്റ്റാർലിങ്കിന് ഉടൻ നൽകിയേക്കും. ഇന്ത്യൻ ബഹിരാകാശ വകുപ്പിന് കീഴിലുള്ള നോഡൽ ഏജൻസിയായ ഇൻ-സ്‌പേസ് (ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ), സ്റ്റാർലിങ്കിന് രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള അനുമതിയാകും നൽകുക.
ബഹിരാകാശ വകുപ്പ്, വാർത്താ പ്രക്ഷേപണം, ടെലികോം, ആഭ്യന്തരം, വിദേശകാര്യം, വാണിജ്യം, വ്യവസായം ഉൾപ്പടെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ഇൻ-സ്‌പേസിന്റെ ഇന്റർ-മിനിസ്റ്റീരിയൽ സ്റ്റാൻഡിംഗ് കമ്മിറ്റി അടുത്ത യോഗത്തിൽ സ്റ്റാർലിങ്കിന് അനുമതി നൽകുന്ന കാര്യം ചർച്ച ചെയ്യും.
ആഭ്യന്തരമന്ത്രാലയവും വിദേശകാര്യ മന്ത്രാലയും ഇതിനകം സ്റ്റാർലിങ്കിന് സേവനം ആരംഭിക്കുന്നതിനുള്ള അനുമതി ടെലികോം വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന് പിന്നാലെ, കമ്പനിയുടെ ഗ്ലോബൽ മൊബൈൽ പേഴ്‌സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (ജിഎംപിഎസ്) അപേക്ഷ അംഗീകരിച്ചുകൊണ്ട് ടെലികോ വകുപ്പ് മെയ് ഏഴിന് ഒരു ലെറ്റർ ഓഫ് ഇന്റന്റ് പുറത്തിറക്കിയിരുന്നു.
സുരക്ഷ, തന്ത്രപരമായ വിഷയങ്ങൾ എന്നിവയിലെ ആശങ്കകൾ കമ്പനി പരിഹരിക്കുകയും പ്രധാന ഏജൻസികൾ പരിശോധിക്കുകയും ചെയ്തുവെന്നാണ് ലെറ്റർ ഓഫ് ഇന്റന്റ് അർത്ഥമാക്കുന്നത്. ഇനിയുള്ളത് ഇൻസ്‌പേസിന്റെ അനുമതിയാണ്. അത് താമസിയാതെ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.