
ബെംഗളൂരു: സ്വർണക്കടത്തു കേസിൽ കന്നഡ നടി രന്യ റാവുവിന് കോടതി ജാമ്യം അനുവദിച്ചു. കൊഫെപോസ കേസുള്ളതിനാൽ ജയിലിൽ തുടരേണ്ടിവരും. കൊഫെപോസ കേസിനെതിരെ നടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ജൂൺ മൂന്നിന് പരിഗണിക്കും. മാർച്ച് മൂന്നിനാണ് 12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായി കന്നഡ നടിയും ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തു മകളുമായ രന്യ റാവു (31) വിമാനത്താവളത്തിൽ പിടിയിലായത്. വീട്ടിൽ നടത്തിയ റെയ്ഡിൽ 2.06 കോടി രൂപയുടെ കറൻസിയും 2.67 കോടിയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.
3ന് രാത്രി ദുബായിൽ നിന്നെത്തിയ രന്യ ബെൽറ്റിലും ജാക്കറ്റിലുമാണ് 14.2 കിലോഗ്രാം സ്വർണം ഒളിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ 4 ദുബായ് യാത്രകൾ ഉൾപ്പെടെ രണ്ടു മാസത്തിനിടെ 10 വിദേശ യാത്രകളാണ് രന്യ നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തന്നെ ഭീഷണിപ്പെടുത്തി സ്വർണം കടത്തിയതാണെന്ന് രന്യ മൊഴി നൽകിയിട്ടുണ്ട്. ആദ്യഭാര്യ അപകടത്തിൽ മരിച്ചതിനെ തുടർന്ന് രാമചന്ദ്ര റാവു പുനർവിവാഹം ചെയ്ത ചിക്കമഗളൂരു സ്വദേശിനിയുടെ മകളാണ് രന്യ.