
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കാലവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ ലഭിക്കുന്നത്. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് ഇന്നും നാളെയും മഴ കുറഞ്ഞേക്കും. മറ്റന്നാളോടെ വീണ്ടും മഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കൻ കർണാടയ്ക്ക് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതും മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ഇന്ന് ഉയർന്ന ലെവലിൽ ചക്രവാത ചുഴി രൂപപ്പെട്ട് നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ന്യൂനമർദ്ദം രൂപപ്പെട്ടാൽ വടക്ക് ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നലെയുണ്ടായ അതിതീവ്ര മഴയിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കൻ കേരളത്തിലും കൊച്ചിയിലുമാണ് വ്യാപക നാശം റിപ്പോർട്ട് ചെയ്തത്. ശക്തമായ മഴയിൽ കോഴിക്കോട് നഗരത്തിൽ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറി. സായ് സെന്റർ ഓഫീസിനകത്ത് വെള്ളം കയറി. പ്രദേശത്തെ കടകളിലും വെള്ളം കയറി. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്ത് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയ പാതയിൽ മലപ്പറമ്പ് ജങ്ഷനിൽ വെള്ളക്കെട്ട് രൂപപ്പേട്ടതോടെ സർവീസ് റോഡ് അടച്ചു. നാദാപുരം വളയത്ത് ശക്തമായ മഴയിൽ വളയം അച്ചം വീട്ടിൽ മിനി സ്റ്റേഡിയത്തിൻറെ മതിൽ തകർന്നു. തൊട്ടടുത്ത വീട്ട് പറമ്പിലേക്കാണ് മതിൽ പതിച്ചത്. ഈ സമയം ആളുകളൊന്നും സ്ഥലത്തില്ലായിരുന്നു. നാദാപുരം ചെക്യാട് ഇടിമിന്നലിൽ രണ്ടു വീടുകളുടെ വയറിങ് പൊട്ടിത്തെറിച്ചു. വീടിന്റെ ടൈലുകൾ അടർന്നു വീണു. കിണറിന്റെ ആൾമറയും തകർന്നു.
കണ്ണൂരിൽ തിങ്കളാഴ്ച വൈകീട്ട് മുതൽ അതിശക്തമായ മഴയാണ്. കുറുവയിൽ വീടുകൾക്ക് മുകളിലേക്ക് മതിലിടിഞ്ഞ് കേടുപാടുണ്ടായി. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കൊയ്യത്ത് മരം വീണ് വീടിൻറെ മേൽക്കൂര തകർന്നു. പിലാത്തറയിൽ ദേശീയപാത സർവീസ് റോഡിൽ വെളളക്കെട്ടിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ദേശീയപാത നിർമാണം നടക്കുന്ന പാപ്പിനിശ്ശേരി വേളാപുരത്തും വെളളക്കെട്ടുണ്ട്. താഴെചൊവ്വയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെളളം കയറി. ഓടകൾ അടഞ്ഞതിനെ തുടർന്നാണ് വെളളം കയറിയത്. കോർപ്പറേഷൻ തൊഴിലാളികളെത്തി ഓട വൃത്തിയാക്കൽ പുരോഗമിക്കുകയാണ്. കനത്ത മഴയിൽ പയ്യന്നൂർ താലൂക്ക് ആശുപത്രി വളപ്പിലെ പഴയ കെട്ടിടത്തിൻറെ ഭാഗങ്ങൾ തകർന്നുവീണു.
പാലക്കാടും വലിയ നാശമാണ് സംഭവിച്ചത്. അട്ടപ്പാടി പുതുരിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോക്ക് മുകളിൽ മരം വീണു. വടകോട്ടത്തറ സ്വദേശി വീരൻറെ വാഹനത്തിലേക്കാണ് ആൽ മരത്തിൻറെ കൊമ്പ് വീണത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ തലനാരിഴക്ക് പരിക്കില്ലാതെ രക്ഷപ്പെട്ടു. അട്ടപ്പാടി ചുരത്തിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞു. ചുരത്തിലെ എട്ടാം വളവിനും, ഒൻപതാം വളവിനുമിടയിലാണ് മണ്ണിടിഞ്ഞത്. മണ്ണാർക്കാട് ചിന്നതടാകം റോഡിൻ്റെ ഒരു വശം ഗതാഗതം ഏറെ നേരം തടസപ്പെട്ടു.
കനത്ത മഴയിൽ കാസർകോഡ് നീലേശ്വരം മുതൽ പള്ളിക്കര വരെ ദേശീയ പാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കാലിക്കടവ്, നീലേശ്വരം ടൗണിൽ വെള്ളം കയറി. ചെർക്കളയിലും കറന്തക്കാടും കനത്ത മഴയിൽ മരം വീണു. ആർക്കും പരിക്കില്ല
എറണാകുളം കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. ഓട്ടോയിൽ ഉണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. മരം സമീപത്തെ സെക്യൂരിറ്റി ക്യാബിനിൽ തട്ടി ഓട്ടോയിൽ പതിച്ചതിനാൽ വലിയ അപകടം ഒഴിവായി.
റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന വയനാട്ടിൽ പുലർച്ചെ മുതൽ ഇടവിട്ട് മഴപെയ്തു. മഴക്കെടുതികൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിലെ ബോട്ടിംഗ് നിർത്തിവെച്ചു. പാർക്കുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കർശനമായി നിരോധിച്ചു.