
ലണ്ടൻ: ഇന്റർനാഷനൽ ബുക്കർ പ്രൈസ് കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖിന്. ദക്ഷിണേഷ്യയിലെ മുസ്‌ലീം സമുദായത്തെ പശ്ചാത്തലമാക്കിയുള്ള ‘ഹാർട്ട് ലാംപ്’ എന്ന കഥാസമാഹാരമാണ് ബാനുവിനെ സമ്മാനത്തിന് അർഹയാക്കിയത്. കന്നഡയിലെഴുതിയ കഥകളുടെ ഇംഗ്ലീഷ് പരിഭാഷ നടത്തിയത് മാധ്യമപ്രവർത്തക കൂടിയായ ദീപാ ഭസ്തിയാണ്. ഇന്ത്യയിൽ നിന്ന് ചുരുക്കപട്ടികയിലിടം നേടിയ ഏക പുസ്തകമാണിത്.
മറ്റു ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് ബ്രിട്ടനിലും അയൽലൻഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകൾക്കാണ് അന്താരാഷ്ട്ര ബുക്കർ സമ്മാനം നൽകുന്നത്. സമ്മാനത്തുകയായ 55 ലക്ഷം രൂപ രചയിതാവിനും വിവർത്തനം ചെയ്യുന്നയാൾക്കുമായി പങ്കിട്ടു നൽകും. വൈവിധ്യങ്ങളെ ആഘോഷിക്കാനും എല്ലാ ശബ്ദങ്ങളെയും സ്വീകരിക്കാനും കഴിയുന്ന ഒരു ലോ കമുണ്ടായതിൽ സന്തോഷിക്കുന്നുവെന്ന് ബാനു മുഷ്താഖ് പറഞ്ഞു.
സോൾവായ് ബാലിന്റെ ‘ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ’, വിൻസന്റ് ദി ലക്വയുടെ ‘സ്മോൾ ബോട്ട്’, ഹിരോമി കവകാമിയുടെ ‘അണ്ടർ ദി ഐ ഓഫ് ദ് ബിഗ് ബേഡ്’, വിൻ സെൻസോ ലാട്രോനികോയുടെ ‘പെർഫെക്ഷൻ’, ആൻ സേറയുടെ ‘എ ലെപേഡ് സ്കിൻ ഹാറ്റ്’ എന്നിവയാണു ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മറ്റുള്ളവ.
2022ലെ ബുക്കർ ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ‘ടൂം ഓഫ് സാൻഡി’നായിരുന്നു. ബാനുവിന്റെ തന്നെ ആത്മാംശത്തിൽനിന്നു പകർത്തിയ സ്ത്രീയനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ‘ഹാർട്ട് ലാപ്’ എന്ന കഥാസമാഹാരത്തിലുള്ളത്. 1990 മുതൽ 2023 വരെ എഴുതിയ കഥകളിൽനിന്നു തിരഞ്ഞെടുത്ത 12 എണ്ണം. 6 കഥാസമാഹാരങ്ങളും ഒരു കവിതാ സമാഹാരവും ബാനുവിന്റേതായുണ്ട്. കർണാടക സാഹിത്യ അക്കാദമി പുരസ്കാരം, ദാനചിന്താമണി അത്തിമബ്ബ പുരസ്കാരം തുടങ്ങിയവ ബാനു മുഷ്താഖിന് മുൻപു ലഭിച്ചിട്ടുണ്ട്.
അഭിഭാഷകയായ ബാനു ‘ലങ്കേഷ് പ്രതിക’യിൽ 10 വർഷം റിപ്പോർട്ടറായിരുന്നു. ഭർത്താവ് മുഷ്താഖ് മൊഹിയുദ്ദിൻ. മക്കൾ: സമീന, ലുബ്ന, ആയിഷ, താഹിർ.