
ന്യൂഡൽഹി: ജമ്മു-കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികന് വീരമൃത്യു. കിഷ്ത്വാർ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ മുതൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു.
കിഷ്ത്വാറിൽ ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളായ നാലോളം ഭീകരവാദികളുണ്ട് എന്ന വിവരത്തെ തുടർന്നാണ് സൈന്യം ഇവിടം വളഞ്ഞത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജമ്മു-കശ്മീർ പോലീസ്, സൈന്യം, അർധസൈനിക വിഭാഗങ്ങൾ എന്നിവർ ചേർന്നാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. പിന്നാലെ തീവ്രവാദികളുമായി ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.
സ്ഥലത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നും തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈനികൻ വീരമൃത്യു വരിച്ചതായും വൈറ്റ് നൈറ്റ് കോപ്‌സ് എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. ‘ഓപ് ത്രാഷി’ എന്ന് പേരിട്ട ഓപ്പറേഷൻ തുടരുകയാണെന്നും ഭീകരരെ ഇല്ലായ്മ ചെയ്യുന്നതിനായി സംയുക്ത പരിശ്രമം തുടരുകയാണെന്നും എക്‌സ് പോസ്റ്റിൽ സേന പറയുന്നു.
ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശം ഇടതൂർന്ന വനപ്രദേശമാണ്. ഏപ്രിലിലും ഈ പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. അന്നു മൂന്നു ഭീകരരെയാണ് വധിച്ചത്.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകൾ ഇന്ത്യ ശക്തമാക്കിയിരുന്നു. ദക്ഷിണ കശ്മീരിലെ ഭീകരവിരുദ്ധ ഓപ്പറേഷനുകളിൽ ആറ് ഭീകരരെ വധിച്ച് ഒരാഴ്ച കഴിഞ്ഞാണ് കിഷ്ത്വാറിൽ ഏറ്റുമുട്ടൽ നടക്കുന്നത്. മേയ് 13ന് ഷോപിയാനിലെ കെല്ലർ പ്രദേശത്തും മേയ് 15 ന് പുൽവാമയിലെ നാദർ പ്രദേശത്തുമാണ് ഏറ്റുമുട്ടലുകൾ നടന്നത്.