
തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമാകുന്നു. വടക്കൻ കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് ഇന്നും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. നദികളിലെ ജലനിരപ്പ് ഉയരുകയും താഴ്ന്നപ്രദേശങ്ങളില്‍ വെള്ളംകയറുകയും ചെയ്തു. വയനാട് ജില്ലയില്‍ ഏഴു ദുരിതാശ്വാസ ക്യാമ്പുകളിലായി 38 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണ് ദേശീയപാത 766-ല്‍ കോഴിക്കോട്-കൊല്ലഗല്‍ പാതയിലുള്‍പ്പെടെ ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ മൂന്ന് ദുരിതാശ്വാസക്യാമ്പ് തുറന്നു. കോഴിക്കോട് താലൂക്കില്‍ രണ്ടും വടകര താലൂക്കില്‍ ഒരു ക്യാമ്പുമാണ് തുറന്നത്. ആകെ 88 പേരാണ് ക്യാമ്പുകളിലുള്ളത്. 60 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരംവീണും വെള്ളംകയറിയും ഗതാഗതം തടസ്സപ്പെട്ടു. പെരുവണ്ണാമൂഴി ഡാം ഷട്ടര്‍ തുറന്നു. അതോടെ കുറ്റ്യാടിപ്പുഴയിലേക്ക് വെള്ളം എത്തിത്തുടങ്ങി. പൂനൂര്‍ പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പുഴയുടെ തീരത്ത് വിവിധഭാഗങ്ങളില്‍ വെള്ളപ്പൊക്കഭീഷണിയുണ്ട്.
കനത്തമഴയില്‍ ജലനിരപ്പുയര്‍ന്നതോടെ ആറ് അണക്കെട്ടുകള്‍ തുറന്നു. മണിയാര്‍, മലങ്കര, ഭൂതത്താന്‍കെട്ട്, കുറ്റ്യാടി, കാരാപ്പുഴ, പഴശ്ശി എന്നീ അണക്കെട്ടുകളാണ് തിങ്കളാഴ്ച തുറന്നത്. ഇതിനുപുറമെ, ഇടുക്കിയിലെ കല്ലാര്‍കുട്ടിയിലും ലോവര്‍ പെരിയാറിലും ജലനിരപ്പ് വന്‍തോതിലുയര്‍ന്നിട്ടുണ്ട്. ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.