
കീവ്: യുക്രൈനിലെ നാല് ഗ്രാമങ്ങള്‍ പിടിച്ചെടുത്ത് റഷ്യന്‍ സേന. യുദ്ധം നടക്കുന്ന സുമിയിലാണ് റഷ്യ നാല് ഗ്രാമങ്ങളിലേക്ക് കടന്നുകയറിയത്. യുക്രൈനിനകത്ത് ബഫര്‍ സോണ്‍ സൃഷ്ടിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഗ്രാമങ്ങള്‍ റഷ്യ കൈവശപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്ഥിരമായി റഷ്യന്‍ ആക്രമണം നേരിടുന്ന ഗ്രാമങ്ങളായിരുന്നു ഇത്.
നൊവെങ്കെ, ബാസിവ്ക, വസെലിവ്ക, സുരോവ്ക തുടങ്ങിയ ഗ്രാമങ്ങളാണ് റഷ്യ പിടിച്ചെടുത്തത്. ഇവിടെനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. നേരത്തെ വൊളോദിമിരിവ്‌കോവ്, ബിലൊവൊദിവ് തുടങ്ങിയ പ്രദേശങ്ങള്‍ റഷ്യ പിടിച്ചെടുത്തിരുന്നു. ഗ്രാമങ്ങള്‍ റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലായ വിവരം സുമി പ്രവിശ്യ ഗവര്‍ണര്‍ ഒലെ റിഹൊറോവ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ യുക്രൈന്‍ സൈന്യം കഠിനമായി പരിശ്രമിക്കുന്നുണ്ട്. റഷ്യന്‍ സൈന്യത്തിന് നേരെ ശക്തമായ ആക്രമണം നടത്തിയതായും യുക്രൈന്‍ സേന അവകാശപ്പെട്ടു.
റഷ്യയിലെ കുര്‍സ്‌കിനോട് ചേര്‍ന്ന യുക്രൈനിലെ അതിര്‍ത്തി പ്രദേശമാണ് സുമി. നേരത്തെ കുര്‍സ്‌കില്‍ യുക്രൈന്‍ സൈനികര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് സുമിയില്‍ റഷ്യ ആക്രമണം കടുപ്പിച്ചതും പ്രതിരോധത്തിന്റെ ഭാഗമായി ബഫര്‍ സോണ്‍ ഉണ്ടാക്കുന്നതും. ഈ മേഖലയില്‍ ഗ്രാമങ്ങള്‍ പിടിച്ചെടുത്തുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.