
വാഷിങ്ടൺ: വിദേശ വിദ്യാർഥികൾക്കുള്ള വിസ ഇന്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം. എഫ്, എം, ജെ വിസ അപേക്ഷകർക്കുള്ള വിസ ഇന്റർവ്യൂകളെയാണ് നടപടി ബാധിക്കുക. നിലവിൽ ഇന്റർവ്യൂ അപ്പോയിൻമെന്റുകൾ ലഭിച്ചവരെ ഇതു ബാധിക്കില്ല. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ കോൺസുലേറ്റുകൾക്കയച്ച ഉത്തരവിലാണ് നിർദേശം. വിദേശ വിദ്യാർഥികളുടെ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകൾ കൂടെ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.
അതിനിടെ, വിദേശ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ നിർദേശങ്ങൾ അംഗീകരിക്കാൻ വിസ്സമതിച്ച ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്‌ക്കെതിരേ ട്രംപ് ഭരണകൂടം രംഗത്തെത്തി. സര്‍വകലാശാലയുമായുള്ള പത്ത് കോടി ഡോളറിന്റെ കരാറുകള്‍ റദ്ദാക്കാന്‍ സർക്കാർ നിർദേശം നൽകി. കൂടാതെ, സര്‍വകലാശാലയ്ക്കുള്ള 200 കോടിയിലധികം ഡോളറിന്റെ സഹായധനം ട്രംപ് ഭരണകൂടം നേരത്തെ നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കാനും പകരം വേറെ സംവിധാനത്തെ കണ്ടെത്താനും ആവശ്യപ്പെട്ട് ഫെഡറല്‍ ഏജന്‍സികള്‍ക്ക് ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോർട്ടുകളുണ്ട്. ഒന്‍പതോളം ഫെഡറല്‍ ഏജന്‍സികളുമായുള്ള കരാര്‍ ഇതോടെ ഹാര്‍വാര്‍ഡിന് നഷ്ടമാകുമെന്നാണ് സൂചന. കാപ്പി കുടിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കുന്നതുമായി ബന്ധപ്പെട്ട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായുണ്ടായിരുന്ന 49,858 ഡോളറിന്റെ കരാര്‍, സീനിയര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിങ്ങിന് വേണ്ടി ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ടുമെന്റുമായുള്ള 25,800 ഡോളറിന്റെ കരാര്‍ തുടങ്ങിയവയാകും ഹാര്‍വാര്‍ഡിന് നഷ്ടമാകുന്നതില്‍ ചിലത്.