
തിരുവനന്തപുരം: ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതോടെ കേരളത്തിൽ അതിതീവ്രമഴ തുടരുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളുടെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, എറണാകുളം, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകളിൽ മാറ്റമില്ല. ഇടുക്കി ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിങ് സെഷനുകൾ എന്നിവ പാടില്ല എന്നും നിർദേശമുണ്ട്.