കനത്ത മഴ; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ബംഗാൾ തീരത്തിനു സമീപം തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായതോടെയാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. കാലവർഷത്തിന്റെ ഭാഗമായി അടുത്ത 4 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ തുടരും. കേരളത്തിൽ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ ശക്തമായ സാ​ഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് ഇന്ന് ഒമ്പത് ജില്ലകളിലെയും കുട്ടനാട് താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പലയിടത്തും ട്രാക്കിൽ മരം വീണതോടെ ട്രെയിനുകൾ വൈകിയോടുകയാണ്. പല ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മരങ്ങൾ കടപുഴകി വീണ് വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. വൈദ്യുതി പോസ്റ്റുകൾ തകർന്നതിനെ തുടർന്ന് പലയിടത്തെയും വൈദ്യുതി വിതരണം തടസപ്പെട്ടു.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയുളള ജനശതാബ്ദി എക്സ്പ്രസ് പുറപ്പെടുന്നത് വൈകുകയാണ്. രാവിലെ 5.55ന് സർവീസ് ആരംഭിക്കേണ്ട ട്രെയിൻ 8.45നായിരിക്കും പുറപ്പെടുക. പെയറിങ് ട്രെയിൻ വൈകിയതാണ് ജനശതാബ്ദി വൈകാൻ കാരണം. ഇന്നലെ കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് 1.45ന് സർവീസ് ആരംഭിച്ച ട്രെയിൻ പുലർച്ചെ 1.41ആണ് തിരുവനന്തപുരത്ത് എത്തിയത്.

ഇന്നലെ രാത്രി എറണാകുളം, തിരുവനന്തപുരം റൂട്ടിൽ പലയിടങ്ങളിലും റെയിൽവേ ട്രാക്കിൽ മരം വീണത് ട്രെയിൻ ഗതാഗതം താറുമാറാക്കിയിരുന്നു. തിരുവനന്തപുരം- ഗുരുവായൂർ എക്സ്പ്രസും വൈകി ഓടുകയാണ്. നിലവിൽ ട്രെയിൻ രണ്ടു മണിക്കൂർ വൈകിയാണ് ഓടുന്നത്. മറ്റു പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇന്നലെ മലബാർ , മാവേലി , ഇൻറർസിറ്റി , ഷാലിമാർ , പരശുറാം , നേത്രാവതി , വേണാട് തുടങ്ങിയ ട്രെയിനുകൾ വൈകിയാണ് ഓടിയത്. ഇന്നും പല ട്രെയിനുകളും വൈകാനാണ് സാധ്യത.

ഇന്നലെ രാത്രി മുതൽ തിരുവനന്തപുരത്ത് ശക്തമായ കാറ്റും മഴയുമാണ്. ഇതേ തുടർന്ന് പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. ഇന്നലെ വൈകുന്നേരം പോയ വൈദ്യുതി പലയിടത്തും പുനസ്ഥാപിച്ചില്ല. വൈദ്യുതിപോസ്റ്റുകളിൽ മരം വീണുണ്ടായ നാശനഷ്ടം പരിഹരിക്കാനുള്ള കാലതാമസമാണെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് മേഖലയിൽ രാത്രി മരം വീണ് വൈദ്യുതി ലൈനുകൾ വ്യാപകമായി പൊട്ടി. വൈദ്യുതി ഇനിയും പുനസ്ഥാപിച്ചില്ല. രാത്രി പെയ്ത മഴയിൽ തിരുവനന്തപുരത്ത് രണ്ട് വീടുകൾ തകർന്നു. ചെമ്പഴന്തി ആനന്തേശ്വരം അനിലിൻറെയും കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷം വീട് കോളനിയിൽ സിന്ധുവിൻറെയും വീടുകളാണ് ഇന്നലെ രാത്രി തകർന്നത്.

കോട്ടയത്ത് രാത്രിയിൽ പലയിടത്തും ശക്തമായ മഴ പെയ്തു. രാവിലെയും മഴ തുടരുകയാണ്. മണിമല, മീനച്ചിൽ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടുക്കിയിൽ ഇടവിട്ട് മഴ തുടരുകയാണ്. ഇന്നലത്തെ അപേക്ഷിച്ചു മഴയുടെ ശക്തി നിലവിൽ കുറഞ്ഞിട്ടുണ്ട്. ഇടുക്കിയിൽ 103 വീടുകൾ ഭാഗികമായും 9 വീടുകൾ പൂർണ്ണമായും തകർന്നു.

മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു. പരമാവധി ജലനിരപ്പിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. മലങ്കര ഡാമിൻറെ ഷട്ടറുകൾ താഴ്ത്തി മൂവാറ്റുപുഴയിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കുകയാണിപ്പോൾ. മൂന്ന് ഷട്ടറുകൾ പൂർണമായി അടച്ചു. രണ്ടു ഷട്ടറുകൾ 20 സെൻറി മീറ്റർ വീതമാണ് നിലവിൽ തുറന്നിരിക്കുന്നത്.

10 ദുരിതാശ്വാസക്യാമ്പുകളാണ് ഇടുക്കിയിൽ പ്രവർത്തിക്കുന്നത്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. അപകട സാധ്യതയുള്ള മേഖലകളിൽ നിന്നും ആളുകൾ മാറി താമസിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ ഇതുവരെ നാല് അണക്കെട്ടുകൾ തുറന്നു. മലയോര മേഖലയിലെ രാത്രി യാത്ര നിരോധനം ഇന്നും തുടരും. വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്.

കണ്ണൂരിൽ ഇടവിട്ട് മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കണ്ണൂർ പുതിയതെരു കാട്ടാമ്പള്ളി റോഡിൽ സ്ഥാപിച്ച ബസ് സ്റ്റോപ്പ് നിലംപൊത്തി. ഗതാഗത പരിഷ്കരണത്തിന് ഭാഗമായി നിർമ്മിച്ച താൽക്കാലിക ബസ്റ്റോപ്പ് ആണ് നിലംപൊത്തിയത്.

കൊച്ചി നഗരത്തിലും ആലുവ അടക്കം ഉള്ള പ്രദേശങ്ങളിലും മഴ തുടരുന്നു. പമ്പയിൽ ജലനിരപ്പ് ഉയർന്നതോടെ അരയാഞ്ഞിലിമൺ, പെരുനാട് മുക്കം കോസ് വേകൾ രാത്രിയോടെ മുങ്ങി.

കോഴിക്കോട് ജില്ലയിൽ രാത്രി ഇടവിട്ട് മഴ പെയ്തു. രാവിലെയും പലയിടത്തും മഴ തുടരുകയാണ്.കോഴിക്കോട്ടെ മലയോര മേഖലയിൽ ഇടവിട്ട് കനത്ത മഴ തുടരുകയാണ്. വയനാട്ടിൽ രാത്രിയിലും പുലർച്ചെയും ഇടവിട്ട് മഴ പെയ്തു. ആലപ്പുഴയിൽ കനത്തമഴ തുടരുകയാണ്. കിഴക്കൻ വെള്ളത്തിൻറെ വരവ് ശക്തമായതോടെ കുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. പമ്പ, മണിമല, അച്ചൻകോവിൽ ആറുകളുടെ കൈവഴികളായ ജലാശയങ്ങളിൽ ജലനിരപ്പ് അപകടനില കവിഞ്ഞു. ആലപ്പുഴ നഗരത്തിൻറെ കിഴക്കൻ മേഖലയായ ചുങ്കം, തിരുമല , പള്ളാത്തുരുത്തി ഭാഗങ്ങളിൽ പാടശേഖരങ്ങൾ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി.

കൊല്ലത്ത് നഗര മേഖലയിൽ കനത്ത കാറ്റും മഴയും തുടരുകയാണ്. ഇന്നലെ രാത്രി പെയ്ത മഴയിലും ശക്തമായ കാറ്റിലും വ്യാപകമായി വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞുവീണു. നഗര പ്രദേശങ്ങളിലും മലയോര മേഖലയിലും വ്യാപക നാശമുണ്ടായി. അഞ്ചൽ ആലഞ്ചേരി പാണയത്ത് കുറ്റൻ തേക്കു മരം കടപുഴകി വീണു. സമീപത്തെ മതിലും ഗേറ്റും തകർന്നു.

കുമ്പളം കായലിൽ നോർത്ത് ഓളി ഊന്നിപ്പാടിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പറവൂർ കെടാമംഗലം മുളവുണ്ണിരാമ്പറമ്പിൽ രാധാകൃഷ്ണനെയാണ്(62) കാണാതായത്. കൂടെ ഉണ്ടായിരുന്ന കെടാമംഗലം വടക്കുപുറം സുരേഷ് (58) രക്ഷപ്പെട്ടു. മീൻ പിടിക്കാൻ കുമ്പളം കായലിൽ എത്തിയതായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെ പെട്ടെന്നുണ്ടായ കാറ്റിൽ വള്ളം മറിയുകയായിരുന്നു.

അതേസമയം, കനത്ത മഴയിൽ സംസ്ഥാനത്ത് അഞ്ച് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുമളിയിൽ തമിഴ്നാട് ചെക്പോസ്റ്റിനു സമീപം ലോറിയുടെ മുകളിലേക്ക് മരം വീണ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് ബോവിക്കാനത്ത് തുണിയലക്കാൻ പോയ വീട്ടമ്മ വീടിനു മുന്നിലെ തോട്ടിൽ ഒഴുക്കിൽപെട്ട് മരിച്ചു. ആലപ്പുഴയിൽ കാൽ വഴുതി കനാലിൽ വീണ ഹൗസ് ബോട്ട് ജീവനക്കാരൻ മരിച്ചു. പുന്നപ്രയിൽ മീൻ പിടിക്കാൻ പോയ അറുപത്തഞ്ചുകാരനെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിഴിഞ്ഞത്തു തെങ്ങു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

Related Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

യുവ ഡോക്ടറുടെ പരാതി; വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സം​ഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കും. സൗഹൃദം…

Leave a Reply

Your email address will not be published. Required fields are marked *