
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എൽ.ഡി.എഫ് സ്ഥാനാർഥിയാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
സിറ്റിങ് സീറ്റായ നിലമ്പൂരിൽ എൽഡിഎഫിനും സിപിഎമ്മിനും അഭിമാന പോരാട്ടമാണ്. ഈ സാഹചര്യത്തിലാണ് പാർട്ടിയുടെ പ്രമുഖ നേതാവിനെ തന്നെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
തൃപ്പൂണിത്തുറ മുൻ എംഎൽഎ ആയ സ്വരാജ് കഴിഞ്ഞ തവണ പരാജയപ്പെട്ടിരുന്നു. ഇടത് സ്വതന്ത്രനായിരുന്ന പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെച്ച് മുന്നണി വിട്ടതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. അൻവറിന്റെ രാജിക്ക് പിന്നാലെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമത സിപിഎം സ്വരാജിന് നൽകിയിരുന്നു.
നിലമ്പൂർ സ്വദേശിയായ സ്വാരാജ് വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് ഉയർന്ന് വന്നത്. ദേശാഭിമാനി റസിഡന്റ് എഡിറ്ററാണ്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, ഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2016–-2021 ൽ കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിലെ നിയമസഭാംഗമായിരുന്നു. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്റർ പദവിയും വഹിച്ചിട്ടുണ്ട്.
ആര്യാടൻ ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാർഥി. ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയെ സംബന്ധിച്ചാണ് ഇനി അനിശ്ചിതത്വം നിലനിൽക്കുന്നത്. ബിജെപി മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ബിഡിജെഎസ് മത്സരിച്ചേക്കും.
യുഡിഎഫിന്റെ ഭാഗമാക്കിയില്ലെങ്കിൽ പി.വി.അൻവർ മത്സരിക്കുമെന്ന ഭീഷണി മുഴക്കിയിട്ടുണ്ട്.