
ജറുസലം: ഗാസയിൽ വെടിനിർത്തൽ അംഗീകരിച്ച് ഇസ്രയേൽ. 60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് അറിയിച്ചു.
വെടിനിർത്തൽ നിലവിൽ വന്നാൽ ഗാസയിലെ സൈനികരെ ഘട്ടംഘട്ടമായി പിൻവലിക്കും. എന്നാൽ ഇസ്രയേലിന്റെ തുടർനീക്കങ്ങൾ വിലയിരുത്തുകയാണെന്ന് ഹമാസും പ്രതികരിച്ചു.
യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ പദ്ധതിരേഖ തയാറാക്കിയിട്ടുണ്ട്. പദ്ധതിരേഖ പ്രകാരം വെടിനിർത്തലിന്റെ ആദ്യ ആഴ്ച 58 ബന്ദികളിൽ 28 പേരെ ഹമാസ് വിടും. പകരം 1236 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. കരാർ ഒപ്പുവച്ചാലുടൻ ഗാസയിൽ സഹായങ്ങളെത്തിക്കും. ഐക്യരാഷ്ട്ര സംഘടനയുടെയും റെഡ് ക്രസന്റിന്റെയും നേതൃത്വത്തിലായിരിക്കും ഇതിന്റെ വിതരണം. യുഎസ് കൈമാറിയ പദ്ധതി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അംഗീകരിച്ചെന്ന് ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ജനുവരിയിൽ നിലവിൽവന്ന വെടിനിർത്തലിൽനിന്നു മാർച്ചിൽ ഇസ്രയേൽ പിൻമാറിയിരുന്നു. പദ്ധതിരേഖ ഇപ്പോഴത്തെ രൂപത്തിൽ അപര്യാപ്തമാണെന്നാണ് ഹമാസ് വിലയിരുത്തൽ. പദ്ധതിരേഖ പഠിച്ചുവരുന്നുവെന്നാണു ഹമാസ് വക്താക്കൾ പറയുന്നത്. വെടിനിർത്തൽ നിലവിൽ വന്നുകഴിഞ്ഞാൽ ബന്ദികളിൽ ശേഷിക്കുന്നവരെയും ഹമാസ് വിട്ടയയ്ക്കും. സൈനികനടപടി ഇസ്രയേലും അവസാനിപ്പിക്കും.