
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകൾക്കാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും എന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്തമായ മഴയ്ക്ക് ഇനി സാധ്യതയില്ല. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതേസമയം, കേരളാ തീരത്ത് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത തുടരുകയാണ്. മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, കൊല്ലം, കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി മൂന്ന് ജില്ലകളിലെയും മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
കാലവർഷക്കെടുതിയിൽ ഇന്നലെ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വിഴിഞ്ഞത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ 9 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. സഹായമാത, ഫാത്തിമമാത എന്നീ വള്ളങ്ങളിലെ തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. രാത്രി വൈകിയും കോസ്റ്റ്ഗാർഡിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടന്നു. കണ്ണൂർ പാട്യത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ മുതിയങ്ങ സ്വദേശി നളിനിക്കായുള്ള തിരച്ചിൽ ഇന്നും തുടരും.
ശക്തമായ കാറ്റിലും മഴയിലും വീടുകൾക്ക് മുകളിൽ മരം വീണും മണ്ണിടിഞ്ഞും വൻ നാശനഷ്ടമാണുണ്ടായത്. ട്രാക്കിൽ മരങ്ങൾ വീണതോടെ താറുമാറായ ട്രെയിൻ ഗതാഗതം സാധാരണനിലയിലേക്ക് എത്തുന്നതേയുള്ളൂ. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ കൊട്ടിയൂർ പാൽചുരം റോഡിലൂടെയുള്ള രാത്രി യാത്ര നിരോധനം തുടരുകയാണ്. ഇന്നലെ രാത്രിയോടെ മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. 2000ലേറെ പേർ ക്യാന്പുകളിലേക്ക് മാറിയിട്ടുണ്ട്.