
ചെന്നൈ: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പൊതുവിടങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കണമെന്ന് നിർദേശവുമായി തമിഴ്നാട് സർക്കാർ. ശാരീരിക അകലം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും ഹെൽത്ത് ഓഫിസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് കേരളത്തിലെന്ന് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കി. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഏഷ്യയിൽ കൊവിഡ്-19 കേസുകളുടെ വർദ്ധനവിന് പ്രാഥമികമായി കാരണം ജെഎൻ. 1 വേരിയന്റും പ്രത്യേകിച്ച് ഒമൈക്രോൺ പരമ്പരയുടെ ഉപ വകഭേദങ്ങളായ LF.7 ഉം NB.1.8 ഉം ആണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിൽ എൽഎഫ് 7 ആണ് കേരളത്തിലുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ.
LF.7 കൊവിഡ് 19 വകഭേദത്തിന്റെ റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങൾ ഇപ്പോഴും വളരെ കുറവാണ്. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന, ചുമ, ശ്വാസതടസ്സം, അമിത ക്ഷീണം, പേശി വേദന എന്നിവയാണ് ലക്ഷണങ്ങൾ.
കൊവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം മാസ്‌ക് ധരിക്കുന്നതാണ്. ഇടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും വൈറസ് ബാധ ഒഴിവാക്കാൻ സഹായിക്കും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറെ കാണിക്കാൻ മടിക്കരുത്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.