
2020ന്റെ തുടക്കത്തില്‍ ലോകം സ്തംഭിച്ചുപോയ ഒന്നായിരുന്നു കോവിഡ് മഹാമാരി. അന്ന് കോടിക്കണക്കിന് ആളുകളുടെ ജീവനായിരുന്നു കോവിഡ് എന്ന മഹാമാരി കാര്‍ന്നു തിന്നത്. ഇന്നിതാ, അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും കോവിഡിന്റെ വ്യാപനം ഏറെ ആശങ്ക ഉയര്‍ത്തുന്നു.
മെയ് 31-ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 3,395 സജീവ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതല്‍ കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,336 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നിലായി മഹാരാഷ്ട്രയും. മഹാരാഷ്ട്രയില്‍ 467, ഡല്‍ഹിയില്‍ 375, ഗുജറാത്തില്‍ 265, കര്‍ണാടകയില്‍ 234, പശ്ചിമ ബംഗാളില്‍ 205, തമിഴ്‌നാട് 185, ഉത്തര്‍പ്രദേശ് 117 എന്ന നിലയിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1818 പേര്‍രോഗമുക്തി നേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://covid19dashboard.mohfw.gov.in
ആരോഗ്യ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, മെയ് 22 ന് രാജ്യത്ത് 257 ആക്ടീവ് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മെയ് 26 ആയപ്പോഴേക്കും ഇത് 1,010 ആയി ഉയര്‍ന്നിരുന്നു. മെയ് 31 ന് ഇത് വീണ്ടും 3,395 ആയി വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 685 പുതിയ കേസുകളും നാല് മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി, കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി ഓരോ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളായ എല്‍.എഫ്.7, എക്‌സ്എഫ്ജി, ജെഎന്‍.1, എന്‍ബി.1.8.1 എന്നിവയാണ് പകരുന്നതെന്ന് ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാട്ടി. സിങ്കപ്പൂര്‍, ഹോങ് കോങ്, തായ്‌ലന്റ് എന്നിവിടങ്ങളിലായിരുന്നു ഈ പുതിയ വകഭേഗത്തിന്റെ വ്യാപനം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വര്‍ധനവ് കാരണം നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നേരത്തെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ ആന്റിബോഡി അളവ് കുറഞ്ഞു കാണുമെന്നതിനാല്‍ പ്രതിരോധശേഷി പഴയതുപോലെ ഉണ്ടാവില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. അതി അപകടകാരിയല്ലെങ്കിലും വളരെ വേഗത്തില്‍ പകരുന്നതാണിത്. കോവിഡിന്റെ സാധാരണ ലക്ഷണങ്ങള്‍ തന്നെയാണ് പുതിയ വകഭേദത്തിനെന്നും ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കി. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ പൊതുവിടങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിക്കണമെന്നും നിര്‍ദേശമുണ്ട്.
ദിനംപ്രതി വര്‍ധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണം വലിയരീതിയില്‍ തന്നെ ആശങ്ക ഉളവാക്കുന്നുണ്ട്. ഇടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും കോവിഡിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങല്‍ കൃത്യമായി പാലിക്കുന്നതിലൂടെ മാത്രമേ നമുക്ക് ഇതിനെ പ്രതിരോദിക്കാന്‍ സാധിക്കുകയുള്ളൂ.