
മംഗൻ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ കനത്തു. മഴക്കെടുതിയിൽ 36 പേർ മരിച്ചതായാണ് റിപ്പോർട്ട്. പലയിടങ്ങളിലും വ്യാപകമായ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. ഒട്ടേറെ വീടുകൾ തകർന്നു. പ്രളയത്തിൽ പല ഗ്രാമങ്ങളും റോഡുകളും വെള്ളത്തിൽ മുങ്ങി.
കനത്ത മഴയും പ്രളയവും ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 5.5 ലക്ഷത്തോളം പേരെ ബാധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് അസമിനെയാണ്. പതിനൊന്ന് മരണങ്ങളാണ് അസമിൽ റിപ്പോർട്ട് ചെയ്തത്. അരുണാചൽപ്രദേശിൽ പത്ത് മരണം, മേഘാലയിൽ ആറ്, മിസോറമിൽ അഞ്ച്, സിക്കിമിൽ മൂന്ന്, ത്രിപുരയിൽ ഒന്ന് എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.
സിക്കിമിൽ കനത്തമഴയിൽ സൈനികക്യാമ്പിലേക്ക് മണ്ണിടിഞ്ഞ് മൂന്ന് സൈനികരാണ് മരിച്ചത്. ആറുപേരെ കാണാതായി. ഞായറാഴ്ച വൈകീട്ട് സിക്കിമിലെ ലാച്ചൻ നഗരത്തിലെ ചാറ്റനിലാണ് സംഭവം. നിസ്സാരപരിക്കുകളോടെ നാലുപേരെ രക്ഷപ്പെടുത്തി. ഹവിൽദാർ ലഖ്ബിന്ദർ സിങ്, ലാൻസ് നായിക് മനീഷ് ഠാക്കൂർ, പോർട്ടർ അഭിഷേക് ലക്ര എന്നിവരാണ് മരിച്ചതെന്ന് സൈന്യം അറിയിച്ചു.
അസമിൽ പത്തുനദികൾ അപകടകരമായ നിലയിലാണ്. മണിപ്പൂരിൽ 20000-ൽ അധികംപേർക്ക് വീടുകൾ നഷ്ടമായി. സിക്കിമിലെ മംഗൻ ജില്ലയിലെ ചുങ്താങ്-ഫിഡാങ് റോഡ് പൂർവസ്ഥിതിയിലാക്കിയെന്നും കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ സുരക്ഷിതമായി മാറ്റുമെന്നും സംസ്ഥാന ടൂറിസം, സിവിൽ ഏവിയേഷൻ വകുപ്പ് അറിയിച്ചു.
ടീസ്ത നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ ലാച്ചെനിലും ലാച്ചുങ്ങിലും ആയിരത്തിലധികം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണെന്ന് മംഗൻ ജില്ലാ പോലീസ് സൂപ്രണ്ട് ഡെച്ചു ഭൂട്ടിയ പറഞ്ഞു.
ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്ന് റോഡ് ഗതാഗതം താറുമാറായതിനാൽ കുട്ടികളും സ്ത്രീകളുമടക്കം 1678 വിനോദ സഞ്ചാരികളെ ലാച്ചുങ്, ചുങ്താങ് തുടങ്ങിയിടങ്ങളിൽനിന്ന് ഗാങ്ടോക്കിലേക്ക് മാറ്റി. ടീസ്ത നദിയിലേക്ക് കാറ് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ എട്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.