
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 19 പേരാണ് ഇതുവരെ നാമനിർദേശ പത്രിക സമർപ്പിച്ചത്. നിലമ്പൂരിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് രാഷ്ട്രീയമത്സരമെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നതെങ്കിലും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജും ജെപിപിഎം മുന്നണിയുടെ ലേബലിൽ മത്സരിക്കുന്ന പി വി അൻവറും സജീവമായി രംഗത്തുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്താണ് ആദ്യം നാമനിർദേശ പത്രിക സമർപ്പിച്ചത്. സ്വരാജും അൻവറും മോഹൻ ജോർജും തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
ആര്യാടൻ ഷൗക്കത്ത് ഇന്ന് പഞ്ചായത്ത് തല പ്രചാരണ പരിപാടികളിലേക്ക് കടക്കും. രാവിലെ 8.30 ന് പോത്തുകൽ പഞ്ചായത്തിൽ മുസ്ലീം ലീഗിന്റെ ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങളാണ് പര്യടനം ഉദ്ഘാടനം ചെയ്യുന്നത്. കഴിഞ്ഞദിവസം മണ്ഡലത്തിൽ സംഘടിപ്പിച്ച യുഡിഎഫ് കൺവെൻഷനിൽ നിന്നും അബ്ബാസ് അലി തങ്ങൾ വിട്ടുനിന്നിരുന്നു. സംഭവം വിവാദമായതോടെ നേതൃത്വം ഇടപെട്ടാണ് ഇന്ന് നടക്കുന്ന പരിപാടിയിലേക്ക് അബ്ബാസലി തങ്ങളെ ക്ഷണിച്ചത്.
എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ മണ്ഡല പര്യടനവും തുടരുകയാണ്. പ്രചാരണത്തിനായി മന്ത്രിമാർ അടക്കം മണ്ഡലത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും നിലമ്പൂരിൽ എത്തും. മണ്ഡലത്തിൽ തങ്ങളുടെ അടിസ്ഥാന വോട്ട് നിലനിർത്തുന്നതിനൊപ്പം ക്രൈസ്തവ വോട്ട് നേടുകയെന്നതാണ് ബിജെപി ലക്ഷ്യം. ഇതിനായി ദേവാലയങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സന്ദർശനം.