
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. അതേസമയം, കേരളത്തിൽ മഴയുടെ ശക്തി കുറയുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞതും പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞതുമാണ് മഴ കുറയാനുള്ള കാരണമായി പറയുന്നത്. കാലവർഷത്തിന്റെ ആദ്യഘട്ടത്തിൽ പെയ്ത മഴയുടെ തീവ്രത വരും ദിവസങ്ങളിൽ ഉണ്ടാകില്ലെന്നും സൂചനയുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.