
ജറുസലം: ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തെ യുഎൻ രക്ഷാസമിതിയിൽ യുഎസ് വീറ്റോ ചെയ്തു. ബാക്കി 14 രാജ്യങ്ങളും കരടു പ്രമേയത്തെ പിന്തുണച്ചെങ്കിലും യുഎസ് പ്രമേയത്തിന് എതിരായ നിലപാട് സ്വീകരിക്കുകയായിരുന്നു. നിരുപാധികവും ശാശ്വതവുമായ വെടിനിർത്തലെന്ന ആവശ്യം ഇസ്രയേൽ നേരത്തേ തന്നെ നിരാകരിച്ചിരുന്നു.
അതേസമയം, ഇസ്രയേൽ–യുഎസ് പിന്തുണയുള്ള സ്വകാര്യകരാറുകാർ നടത്തുന്ന ഭക്ഷണവിതരണം ഗാസയിൽ നിർത്തിവച്ചു. ഒരാഴ്ചയ്ക്കിടെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ വിതരണകേന്ദ്രത്തിൽ ഭക്ഷണം തേടിയെത്തിയ 80 പലസ്തീൻകാരെയാണ് ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നത്. നൂറുകണക്കിനാളുകൾക്കു പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബിങ്ങിൽ കുട്ടികളടക്കം 10 പലസ്തീൻകാർ കൊല്ലപ്പെട്ടു.