
മോസ്‌കോ: യുക്രൈനിലും റഷ്യയിലും ആക്രമണം തുടരുന്നതിനിടെ സുരക്ഷാകാരണങ്ങളാൽ മോസ്‌കോയിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ താത്ക്കാലത്തേക്ക് നിർത്തിവച്ചു. റഷ്യയിൽ വിമാന സർവീസുകൾ നിർത്തിവച്ചതായി റഷ്യയുടെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യുക്രൈനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെ തുടർന്നാണ് നടപടി. തിങ്കളാഴ്ച രാത്രിയോടെ യുക്രൈൻ അയച്ച 76 ഡ്രോണുകൾ റഷ്യ വെടിവെച്ചിട്ടതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.
റഷ്യ യുക്രൈനിൽ 479 ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതിനുപിന്നാലെയാണ് യുക്രൈന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായത്. 20 റഷ്യൻ ബാലിസ്റ്റിക് മിസൈലുകളും ഞായറാഴ്ച രാത്രി യുക്രൈൻ ഭൂപ്രദേശങ്ങളിലെത്തി. മൂന്നുവർഷത്തെ യുദ്ധത്തിനിടെ ഇത്രയും ആയുധങ്ങൾ ഉപയോഗിച്ച് റഷ്യ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ആളപായമില്ല. എന്നാൽ, റിവ്നെ നഗരത്തിൽ 70 കെട്ടിടങ്ങൾ തകർന്നെന്ന് ഗവർണർ ഒലക്‌സാൻഡർ കോവൽ പറഞ്ഞു.
460 ഓളം റഷ്യൻ ഡ്രോണുകളെ വെടിവെച്ചിടാനോ നിർവീര്യമാക്കാനോ സാധിച്ചതായി യുക്രൈൻ സ്ഥിരീകരിച്ചു. റഷ്യൻ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഒലക്‌സാൻഡർ കോവൽ പറഞ്ഞു. റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒഡേസയിലെ ഒരു പ്രസവവാർഡിന് കേടുപാടുണ്ടായതായി പ്രാദേശിക അധികൃതർ ചൊവ്വാഴ്ച വ്യക്തമാക്കി. പ്രസവവാർഡ് കൂടാതെ അത്യാഹിത വിഭാഗ കെട്ടിടവും പാർപ്പിടങ്ങളും ബാധിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ രോഗികൾക്കോ സാധാരണ ജനങ്ങൾക്കോ പരിക്കേറ്റിട്ടില്ലന്ന് അധികൃതർ അറിയിച്ചു.
സൈബീരിയൻ പ്രദേശത്തെ വ്യോമതാവളങ്ങൾ ആക്രമിച്ച് 40 റഷ്യൻ യുദ്ധവിമാനങ്ങൾ യുക്രൈൻ തകർത്തശേഷം റഷ്യ നടത്തുന്ന ശക്തമായ ആക്രമണംകൂടിയാണിത്. യുദ്ധവിമാനങ്ങൾ തകർത്തതിന് ശക്തമായ രീതിയിൽ തിരിച്ചടിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ പറഞ്ഞിരുന്നു. അതിനിടെ, റഷ്യയും യുക്രൈനും വീണ്ടും യുദ്ധത്തടവുകാരെ കൈമാറി.