
മുംബൈ: പാസഞ്ചർ വാഹന വിപണിയിൽ 35,000 കോടി നിക്ഷേപിക്കാൻ പദ്ധതിയിട്ട് ടാറ്റാ മോട്ടോഴ്സ്. കഴിഞ്ഞ ദിവസം നടന്ന നിക്ഷേപക ദിന അവതരണ വേളയിൽ ആണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിപണിയിൽ ഇറക്കാൻ ഉദ്ദേശിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെയും പുതിയ മോഡലുകളുടെയും വികസനത്തിൽ ഈ തുക നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. പാസഞ്ചർ വെഹിക്കിൾ (പിവി) വിപണിയിൽ ഏഴ് പുതിയ മോഡലുകൾ പുറത്തിറക്കുന്നത് ഉൾപ്പെടെ 30 ഉൽപ്പന്ന പ്രവർത്തനങ്ങൾ കമ്പനി ലക്ഷ്യമിടുന്നു.
ടിയാഗോ ഇ വി , ടിഗോർ ഇ വി , പഞ്ച് ഇ വി, നെക്‌സോൺ ഇ വി , കർവ്വ് ഇ വി, പുതുതായി പുറത്തിറക്കിയ ഹാരിയർ ഇ വി തുടങ്ങിയ മോഡലുകളിലൂടെ ഇന്ത്യൻ ഇലക്ട്രിക് പാസഞ്ചർ വാഹന വിപണിയിലെ വിൽപ്പനയുടെ ഭൂരിഭാഗവും നിലവിൽ ടാറ്റ മോട്ടോഴ്‌സ് കൈവശം വച്ചിട്ടുണ്ട് . കമ്പനിയുടെ പിവി ഉൽപ്പന്ന പോർട്ട്‌ഫോളിയോ എട്ട് മോഡലുകളിൽ നിന്ന് 15 ആയി ഇരട്ടിയാക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കൂടുതൽ ഇലക്ട്രിക് വാഹനങ്ങളും സിഎൻജി കാറുകളും പുറത്തിറക്കുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കും. കൂടാതെ നിലവിലുള്ള വാഹനങ്ങൾക്ക് സാങ്കേതിക സവിശേഷത മെച്ചപ്പെടുത്തലുകളും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അടുത്ത അഞ്ച് വർഷത്തേക്കുള്ള നിക്ഷേപ പദ്ധതി വെളിപ്പെടുത്തിയെങ്കിലും, 2026 മാർച്ചിൽ അവസാനിക്കുന്ന നിലവിലെ സാമ്പത്തിക വർഷത്തേക്കുള്ള നിക്ഷേപ പദ്ധതി ടാറ്റ മോട്ടോഴ്‌സ് പങ്കുവെച്ചില്ല.
ഇലക്ട്രിക് വാഹന മേഖലയിൽ ടാറ്റ മോട്ടോഴ്‌സ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. 2027 സാമ്പത്തിക വർഷത്തോടെ മൊത്തം പാസഞ്ചർ വാഹനങ്ങളുടെ 20% ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു, ഇത് 2030 സാമ്പത്തിക വർഷത്തോടെ 30% ആയി വർദ്ധിക്കും.