
ലൊസാഞ്ചലസ്: യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരായ പ്രക്ഷോഭത്തെ തുടർന്ന് ലൊസാഞ്ചലസിൽ കർഫ്യു പ്രഖ്യാപിച്ചു. പ്രതിഷേധം അഞ്ചാം ദിവസവും തുടരുന്ന സാഹചര്യത്തിലാണ് ലൊസാഞ്ചലസിലെ ചിലയിടങ്ങളിൽ ചൊവ്വാഴ്ച രാത്രി എട്ടു മുതൽ മേയർ കേരൺ ബാസ് കർഫ്യു പ്രഖ്യാപിച്ചത്. രാത്രി എട്ടു മുതൽ രാവിലെ ആറു വരെയാകും കർഫ്യു. ഇന്നലെ മാത്രം 197 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം.
അതിനിടെ, പ്രക്ഷോഭം നേരിടാൻ 700 മറീനുകളെ കൂടി ട്രംപ് നിയോഗിച്ചു. നേരത്തെ വിന്യസിച്ച 4000 നാഷനൽ ഗാർഡുകൾക്ക് പുറമേയാണിത്. ട്രംപിന്റെ നടപടികൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മേയർ, ജനാധിപത്യം അപകടത്തിലാണെന്നും ഓർമിപ്പിച്ചു. കുടിയേറ്റക്കാർക്കെതിരെയും അതുവഴി സ്വന്തം നാട്ടുകാരെ അടിച്ചമർത്തുകയും ചെയ്യുന്ന ട്രംപിന്റെ നടപടികൾ ഒരു ആഭ്യന്തര പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും നമ്മുടെ ജനങ്ങളെയും ഉദ്യോഗസ്ഥരെയും നാഷനൽ ഗാർഡുകളെയും അത് പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണെന്നും ഡെമോക്രാറ്റിക് നേതാക്കൾ കുറ്റപ്പെടുത്തി.
അതേസമയം, ലൊസാഞ്ചലസിലെ പ്രക്ഷോഭം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഫെഡറൽ സ്വത്തുക്കളെയും ജീവനക്കാരെയും സംരക്ഷിക്കാൻ സൈന്യത്തെ വിന്യസിക്കേണ്ടത് ആവശ്യമാണെന്നും തന്റെ നടപടികളെ ന്യായീകരിച്ച് ട്രംപ് പറഞ്ഞു. കലിഫോർണിയയുടെ ഡെമോക്രാറ്റിക് സർക്കാർ ഈ നീക്കം അധികാര ദുരുപയോഗവും ആവശ്യമില്ലാത്ത പ്രകോപനവുമാണെന്ന് പറയുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.