
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് ഹൈസ്‌കൂളുകളിൽ പ്രവൃത്തി സമയം വർധിപ്പിക്കും. വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തിദിനങ്ങളിൽ അര മണിക്കൂർ പ്രവൃത്തിസമയം കൂട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. 8, 9, 10 ക്ലാസുകൾക്ക് 220 പ്രവൃത്തി ദിനങ്ങളിൽ 100 ബോധനമണിക്കൂറുകൾ ലഭിക്കുന്നതിനായി രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയായി.
സമയക്രമം പുനഃക്രമീകരിച്ച് തയാറാക്കിയ പുതിയ ടൈംടേബിൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ പറയുന്നു. രാവിലെ 9.45നാണ് ക്ലാസ് ആരംഭിക്കുന്നത്. ആദ്യം 45 മിനിറ്റുള്ള രണ്ടു പീരിയഡുകൾ. തുടർന്ന് 10 മിനിറ്റ് ഇടവേള. പിന്നീട് 40 മിനിറ്റുള്ള രണ്ടു പീരിയഡുകൾക്കു ശേഷം ഉച്ചയ്ക്ക് 60 മിനിറ്റ് ഇടവേള. ഉച്ചയ്ക്ക് 1.45ന് തുടങ്ങി 40 മിനിറ്റുള്ള രണ്ട് പീരിയഡുകൾക്കു ശേഷം 5 മിനിറ്റ് ഇടവേള നൽകിയിട്ടുണ്ട്. തുടർന്ന് 35, 30 മിനിറ്റുള്ള രണ്ട് പീരിയഡുകളോടെ 4.15ന് ക്ലാസ് അവസാനിക്കുന്ന ക്രമീകരണമാണ് പുതിയ ടൈം ടേബിളിൽ ഉള്ളത്.
ഇതിനൊപ്പം 5 മുതൽ ഏഴു വരെ ക്ലാസുകൾക്ക് (യുപി വിഭാഗം) തുടർച്ചയായി 6 പ്രവൃത്തി ദിനങ്ങൾ വരാത്ത വിധം 2 ശനിയാഴ്ചകളും 8 മുതൽ 10 വരെ ക്ലാസുകൾക്ക് തുടർച്ചയായി 6 പ്രവൃത്തിദിനം വാരാത്ത വിധം 6 ശനിയാഴ്ചകളും പ്രവൃത്തിദിനമാക്കി. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾക്ക് 2025-26 അധ്യയനവർഷം അധിക പ്രവൃത്തിദിനങ്ങൾ ഇല്ല. 5-7 ക്ലാസുകൾക്ക് 26-07-2025, 25-10–2025 എന്നീ ശനിയാഴ്ചകളിലാണ് ക്ലാസുളളത്. 8-10 ക്ലാസുകൾക്ക് 26-07-2025, 16-08, 04-10, 25-10, 03-01-2026, 31-01-2026 എന്നീ ശനിയാഴ്ചകളാണ് പ്രവൃത്തിദിനം. ഹൈസ്‌കൂളുകളിൽ 1200 മണിക്കൂർ പഠന സമയം നിർദേശിക്കുന്ന സാഹചര്യത്തിലാണ് 7 അധിക പ്രവൃത്തി ദിവസങ്ങൾക്കൊപ്പം ദിവസവും അര മണിക്കൂർ കൂട്ടുന്നത്.