കൊച്ചി തീരത്തുണ്ടായ കപ്പലപകടം; കേസെടുത്ത് പൊലീസ്, കപ്പൽ ഉടമ ഒന്നാംപ്രതി

തിരുവനന്തപുരം: മേയ് 24-ന് കൊച്ചി തീരത്ത് എംഎസ്‌സി എൽസ 3 എന്ന കപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി തീരദേശ പൊലീസാണ് കേസെടുത്തത്. കപ്പൽ കമ്പനിയായ എംഎസ്‌സി ഒന്നാം പ്രതിയും ഷിപ് മാസ്റ്റർ രണ്ടാം പ്രതിയും കപ്പലിലെ മറ്റു ജീവനക്കാർ മൂന്നാം പ്രതികളുമാണ്.

ആലപ്പുഴ തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ ദൂരത്താണ് മേയ് 25ന് കപ്പൽ മുങ്ങിയത്. എംഎസ്‍സി എൽസ 3 എന്ന ചരക്കുകപ്പലിലുള്ള കണ്ടെയ്നറുകളിൽ എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളും സ്ഫോടക വസ്തുക്കളും ഉണ്ടെന്നിരിക്കെ പ്രതികൾ മനുഷ്യജീവനും സ്വത്തിനും അപകടം ഉണ്ടാക്കുംവിധം അപകരമായും ഉദാസീനമായും കപ്പൽ കൈകാര്യം ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു.

അപകടത്തെ തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽനിന്നു വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റും പുറംതള്ളപ്പെട്ടത് മൂലം പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കിയും പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ച് മത്സ്യത്തൊഴിലാളികൾക്ക് ലക്ഷണക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകാനും കാരണമായെന്ന് എഫ്ഐആർ പറയുന്നു. അശ്രദ്ധയോടെ, അലക്ഷ്യമായ രീതിയിൽ കപ്പൽ ഓടിച്ച് അപകടമുണ്ടാക്കി എന്നതുൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ 282, 285, 286, 287, 288, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ.

കപ്പലപകടത്തിൽ കേസെടുക്കാൻ സംസ്ഥാന സർക്കാർ മടിക്കുന്നതിനെതിരേ വ്യാപക വിമർശം ഉയർന്നിരുന്നു. കേസെടുക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രിയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ കപ്പലപകടത്തിൽ ഫോർട്ട് കൊച്ചി പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ അകലെയുണ്ടാകുന്ന സംഭവങ്ങളിൽ മാത്രം കേസെടുക്കാനേ അധികാരമുള്ളൂ എന്ന നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ അഡ്വ. ജനറലിന്റെ നിയമോപദേശം തേടുകയും ചെയ്തിരുന്നു. എന്നാൽ 200 നോട്ടിക്കൽ മൈൽ വരെയുണ്ടാകുന്ന സംഭവങ്ങളിൽ കേസെടുക്കാൻ തീര സംസ്ഥാനങ്ങൾക്ക് അധികാരം നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്‍ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്നും വാദങ്ങളുണ്ടായി. കേരളത്തിൽ ഇത്തരത്തിൽ കേസെടുക്കാൻ അധികാരമുള്ളത് ഫോർട്ട്കൊച്ചി തീരദേശ പൊലീസിനാണ്. അവരാണ് ഇപ്പോൾ എംഎസ്‍സി എൽസ3ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related Posts

സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ താൽക്കാലിക ചുമതലയുള്ള എച്ച് വെങ്കിടേഷിൽ നിന്നും റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ ബാറ്റൺ കൈമാറി. തിങ്കാളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് റവാഡ ചന്ദ്രശേഖറിനെ…

വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരം; ശ്വാസകോശത്തിൽ അണുബാധ

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതൽ വഷളായി. വിഎസിന്റെ ആരോഗ്യനില തീർത്തും മോശമാണെന്ന് മെഡിക്കൽ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.…

Leave a Reply

Your email address will not be published. Required fields are marked *