
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. രാജ്യത്ത് ഇതുവരെ 7154 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 24 മണിക്കൂറിനിടയിൽ 33 കേസുകളുടെ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ രണ്ടു മരണവും മധ്യപ്രദേശിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
കേരളത്തിൽ ആക്റ്റീവ് കേസുകൾ ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് കുറവ് രേഖപ്പെടുത്തി. കേരളത്തിൽ 2165 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു.
അതേസമയം കൊവിഡ് കേസുകൾ ഉയരവെ, കേരളത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് രംഗത്തെത്തി. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കൊവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വൻസിങ് നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. ആശുപത്രികളിൽ മാസ്ക് നിർബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമിക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എക്സ്എഫ്ജി ആണ് കേരളത്തിൽ കൂടുതലായി കണ്ട് വരുന്നത്. ഈ വകഭേദങ്ങൾക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗ വ്യാപന ശേഷി കൂടുതലാണ്.