
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കൂടുതൽ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇടുക്കിയിൽ മഴ വ്യാപകമായതിനെ തുടർന്ന് കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ പെരിയാർ, മുതിരപ്പുഴയാറുകളുടെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ശനി, ഞായർ ദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻജില്ലകളിലും അതിശക്തമായ മഴ കിട്ടും. ഞായറാഴ്ച സംസ്ഥാനം മുഴുവനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളതീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ ശക്തി വർധിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയും കാലവർഷത്തെ സ്വാധീനിക്കും. കടൽ പ്രക്ഷുബ്ധമായതിനാൽ ജൂൺ 15 വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
അതേസമയം ഡൽഹിയിൽ അത്യുഷ്ണമാണ്. താപനില പലയിടങ്ങളിലും 45 ഡിഗ്രി കടന്നു. അടുത്ത രണ്ട് ദിവസം കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹിയിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം തുടരുകയാണ്. രാജസ്ഥാനിൽ ചിലയിടങ്ങിൽ താപനില അൻപത് ഡിഗ്രിയോടടുത്തു.